
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൂത്തികൾ ഇന്നലെ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യാക്കാരനും ജീവൻ നഷ്ടം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഇതോടെ റിയാദ് ആക്രമണത്തിൽ മരണസംഖ്യ 13 ആയി. ആക്രമണത്തിൽ 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മേഖലയിൽ ഈ യുദ്ധമുണ്ടായ ശേഷം ഒരു അറബ് - ഗൾഫ് രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ആൾനാശവും പരിക്കുകളും നാശനഷ്ടവുമുണ്ടായ ആക്രമണമാണ് ഇന്നലെ റിയാദിൽ ഹൂത്തികൾ നടത്തിയത്. നാല് സൗദി പൗരന്മാരും 9 വിദേശികളുമാണ് കൊല്ലപ്പെട്ടത്. ഇന്ത്യക്ക് പുറമേ അമേരിക്ക, ജോർദാൻ, ഈജിപ്ത്, സിറിയ, പലസ്തീൻ, സുഡാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളുടെ പൗരന്മാർക്കാണ് ജീവൻ നഷ്ടമായത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരിൽ 10 ഇന്ത്യാക്കാരുണ്ടെന്നതാണ് ഏറ്റവും പുതിയ വിവരം.
ഇന്നും ആക്രമണം
അതേസമയം സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നും ആക്രമണം ഉണ്ടായി. ഇന്ന് വൈകിട്ടോടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. പാസഞ്ചർ ടെർമിനൽ നാലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇക്കാര്യം സൗദി അറേബ്യൻ സേന സ്ഥിരീകരിച്ചു. ഒരു മിസൈൽ തകർത്തു എന്നും തീപ്പിടുത്തം അണച്ചു എന്നും സൗദി സേന അറിയിച്ചു. ഇന്നലത്തെ ആക്രമണത്തിന് പിന്നാലെ വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് നേരത്തെ ഹൂത്തികൾ ഭീഷണി മുഴക്കിയിരുന്നു. സൗദിയിൽ വീണ്ടും ആക്രമണം നടത്തുമെന്നും വിമാനത്താവളങ്ങളും തുറമുഖങ്ങളും ആക്രമിക്കുമെന്നുമായിരുന്നു ഹൂത്തികളുടെ മുന്നറിയിപ്പ്. യാത്രക്കാർ, ജീവനക്കാർ ഉൾപ്പടെ ഉള്ളവർക്കാണ് മുന്നറിയിപ്പ് നൽകിയത്. രൂക്ഷമായ ആക്രമണം ഉണ്ടാകുമെന്നും ഹൂത്തികൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വീണ്ടും ആക്രമണം നടന്നതോടെ ശക്തമായ തിരിച്ചടിക്ക് സൗദി സേന തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ റിയാദിലേക്ക് നടന്ന അക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലും വിവിധ രാഷ്ട്ര നേതാക്കളും രംഗത്തെത്തി. തീവ്രവാദത്തെ ഒറ്റക്കെട്ടായി ശക്തമായി നേരിടണം എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആഹ്വാനം ചെയ്തത്. ശക്തമായ മിഡിൽ ഈസ്റ്റ് ആണ് ഇസ്രായേൽ ആഗ്രഹിക്കുന്നത് എന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam