
കീവ്: യുക്രൈനും റഷ്യയും 218 യുദ്ധത്തടവുകാരെ കൈമാറി. യുദ്ധം തുടങ്ങി എട്ടുമാസത്തിനിടെ ഇതാദ്യമായാണ് ഇത്രയധികം തടവുകാരെ കൈമാറുന്നതെന്ന് യുക്രൈൻ വ്യക്തമാക്കി.
നൂറിലധികം യുദ്ധതടവുകാരെ മോചിപ്പിച്ച് റഷ്യക്ക് കൈമാറിയെന്ന് യുക്രൈൻ പറഞ്ഞു. ഇന്ന് വലിയ തോതിൽ യുദ്ധത്തടവുകാരെ കൈമാറ്റം ചെയ്തു . ഞങ്ങൾ 108 സ്ത്രീകളെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചു. ഇത് ആദ്യമായാണ് ഇങ്ങനെ സ്ത്രീതടവുകാരെ മാത്രമായി കൈമാറുന്നതെന്നും യുക്രൈൻ പ്രസിഡൻസി ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് സോഷ്യൽ മീഡിയയിൽ പറഞ്ഞു. കൈമാറ്റം ചെയ്യപ്പെട്ടവരിൽ ചിലർ അമ്മമാരും പെൺമക്കളുമാണെന്ന് യെർമാക് പറഞ്ഞു. യുക്രൈൻ ആരെയും ഉപേക്ഷിക്കില്ല. മുപ്പത്തിയേഴ് പേർ മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ വർക്കിൽ നിന്ന് കീഴടങ്ങിയവരാണെന്നും അദ്ദേഹം പറഞ്ഞു. തെക്കുകിഴക്കൻ യുക്രൈനിലെ അസോവ് കടലിലെ ഒരു തുറമുഖ നഗരമായ മരിയുപോൾ, ആഴ്‌ചകളോളം തുടർച്ചയായ റഷ്യൻ ബോംബാക്രമണത്തെ അതിജീവിച്ചിരുന്നു. മോചിപ്പിക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കൂടിയ സ്ത്രീക്ക് 62 വയസ്സും ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീക്ക് 21 വയസ്സുമുണ്ടെന്ന് യുക്രൈൻ വ്യക്തമാക്കി.
കിഴക്കൻ യുക്രൈനിലെ ഡൊനെറ്റ്‌സ്‌കിന്റെ വേർപിരിഞ്ഞ മേഖലയുടെ തലവൻ ഡെനിസ് പുഷിലിൻ ഈ കൈമാറ്റം സ്ഥിരീകരിച്ചു. മോചിപ്പിക്കപ്പെട്ട 110 പേരിൽ രണ്ട് പേർ റഷ്യയിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മോചിപ്പിക്കപ്പെട്ട സ്ത്രീകളുടെ ചിത്രങ്ങൾ യുക്രൈൻ പുറത്തുവിട്ടു. ഇവരിൽ ചിലർ കോട്ടും സൈനിക വേഷവും ധരിച്ചവരാണ്. വെളുത്ത ബസുകളിൽ വന്നിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം, യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ 72 പേർ ഫെബ്രുവരി മുതൽ യുക്രൈൻ കൈവശം വച്ചിരിക്കുന്ന സിവിലിയൻ കപ്പലുകളിലെ ജീവനക്കാരാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മടങ്ങിയെത്തിയ എല്ലാവരെയും മോസ്കോയിലേക്ക് കൊണ്ടുപോകുമെന്നും വൈദ്യ, മാനസിക സഹായം നൽകുമെന്നും മന്ത്രാലയം പറഞ്ഞു.
Read Also: പാകിസ്ഥാന്‍: ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് ഇമ്രന്‍ ഖാന്‍റെ പിടിഐ പാര്‍ട്ടി