
ദില്ലി: വാങ്ങുന്നതിൽ അളവ് കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയിലേക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നതിൽ ഒന്നാം സ്ഥാനത്ത് റഷ്യ തന്നെ എന്ന് റിപ്പോർട്ട്. 2018 മുതലുള്ള കണക്കെടുത്താൽ, അഞ്ച് വർഷത്തിനിടെ 19 ശതമാനത്തിന്റെ കുറവാണ് ആയുധങ്ങൾ വാങ്ങുന്നതിൽ ഇന്ത്യക്കുണ്ടായിരിക്കുന്നത് എന്നാണ് സ്റ്റോക്ഹോം ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റ്റ്റ്യൂട്ടിന്റെ റിപ്പോർട്ട് പറയുന്നത്.
'2013 മുതൽ 2017 വരെയും 2018 മുതൽ 2022 വരെയും റഷ്യ തന്നെയാണ് ഇന്ത്യയിലേക്ക് ആയുധങ്ങൾ എത്തിക്കുന്ന പ്രധാന ശക്തി. എന്നാൽ ഇന്ത്യ അവരിൽ നിന്ന് ആയുധം വാങ്ങുന്നതിന്റെ അളവ് 64 ശതമാനത്തിൽ നിന്ന് 45 ശതമാനമായി കുറഞ്ഞിട്ടുണ്ട്'. തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ആയുധങ്ങൾക്കായി മോസ്കോയെ ആശ്രയിക്കുന്നതാണ് യുക്രൈൻ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിച്ചിരിക്കുന്നതിന് ഒരു പ്രധാന കാരണം. അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ശക്തമായ സമ്മർദ്ദം ഉണ്ടായിട്ടും നിലപാട് മാറ്റാൻ ഇന്ത്യ തയ്യാറായിട്ടില്ല. വെടിനിർത്തലിനും നയപരമായ പരിഹാരത്തിനും ആഹ്വാനം ചെയ്യുമ്പോഴും റഷ്യൻ അധിനിവേശത്തിനെതിരെയുള്ള യുഎൻ വോട്ടിംഗിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും ഇന്ത്യ തുടരുന്നുണ്ട്.
1993 മുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. പാകിസ്ഥാന്റെയും ചൈനയുടെയും ഭാഗത്തുനിന്നുള്ള നീക്കങ്ങൾ ആയുധ ഇറക്കുമതിയെ സ്വാധീനിക്കുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. റഷ്യക്ക് മേലുള്ള യൂറോപ്യൻ രാജ്യങ്ങളുടെ ഉപരോധം ആയുധ ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ആയുധങ്ങൾ നിർമ്മിക്കുന്നതിന്റെ തോതും വർധിച്ചിട്ടുണ്ട്. ആയുധ ഇറക്കുമതിയിൽ ഫ്രാൻസ് പോലുള്ള രാജ്യങ്ങളിൽ നിന്ന് മത്സരവും ഇന്ത്യയെ സംബന്ധിച്ച് റഷ്യ നേരിടുന്നുണ്ട്. എങ്കിലും, ഇവയെല്ലാം അതിജീവിച്ച് റഷ്യ ഒന്നാം സ്ഥാനത്തു തന്നെ തുടരുകയാണെന്നാണ് റിപ്പോർട്ട് പറയുന്നത്. 2018- 2022 കാലയളവിൽ ഇന്ത്യയിൽ ആയുധമെത്തിക്കുന്നതിൽ അമേരിക്കയെ മറികടന്ന് ഫ്രാൻസ് രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Read Also: ഇമ്രാൻ ഖാൻ ഇന്ന് അറസ്റ്റിലായേക്കും; പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം മറികടക്കാൻ പൊലീസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam