
ദില്ലി: ഇന്ത്യയെയും ചൈനയെയും തമ്മിലടിപ്പിക്കാൻ പാശ്ചാത്യരാജ്യങ്ങൾ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി റഷ്യ. ചൈനീസ് വിരുദ്ധമായ ലോകക്രമം ഉണ്ടാക്കുന്നതിന്‍റെ ഭാഗമാണിതെന്നും റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‍റോവ് പ്രതികരിച്ചു. ഏഷ്യ - പസിഫിക് മേഖലയെ ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങൾ വിളിക്കുന്നത് ഇൻഡോ - പസിഫിക് മേഖല എന്നാണ്. അതിലൂടെ പരസ്പര ശത്രുത ഇല്ലാതിരുന്ന രാജ്യങ്ങൾക്ക് ഇടയിൽ പോലും ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയും ചൈനയും തമ്മിൽ തർക്കം ഉണ്ടാക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ഇതിലൂടെ ശ്രമിക്കുന്നത്. ഇത് ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ശ്രമമാണെന്ന് പ്രസിഡന്‍റ് വ്ലാഡിമർ പുടിൻ തന്നെ പറഞ്ഞതാണെന്നും സെർഗെയ് ലാവ്‍റോവ് പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലെ ചർച്ചകൾ ഉഭയകക്ഷി പ്രകാരമാകണമെന്ന് റഷ്യ വ്യക്തമാക്കി. ഇന്ത്യ പാക് വെടിനിർത്തൽ ധാരണയെ സ്വാഗതം ചെയ്‌തുകൊണ്ടുള്ള പ്രതികരണത്തിൽ റഷ്യൻ വിദേശകാര്യ വക്താവ് മരിയ സാക്കറോവയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ മേഖലയിൽ ദീർഘകാല സമാധാനമുണ്ടാകുമെന്നാണ് റഷ്യയുടെ പ്രതീക്ഷ. ഇരു രാജ്യങ്ങളും പരസ്പര പ്രകോപനത്തിലേക്ക് നീങ്ങില്ലെന്നാണ് പ്രതീക്ഷ. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചർച്ചകൾ വേണമെന്ന നിലപാടിൽ റഷ്യ ഉറച്ച് നിൽക്കുന്നു. രാഷ്ട്രീയ, നയതന്ത്ര ചർച്ചകൾ ഇന്ത്യയും പാകിസ്ഥാനും തമ്മിലാകണമെന്നും റഷ്യൻ വക്താവ് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam