
മോസ്കോ: ഇന്ത്യൻ വ്യോമശക്തിയുടെ ഭാവിക്ക് നിർണ്ണായകമാകുന്ന സൈനിക നിർദ്ദേശവുമായി മോസ്കോ. അടുത്ത മാസം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കാനിരിക്കെ, രാജ്യത്തിന്‍റെ ഭാവി ഫൈറ്റർ വിമാനങ്ങളുടെ ആവശ്യകതകൾ നിറവേറ്റുന്നതിനായി പുതിയ അഞ്ചാം തലമുറ Su-57 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റിന്റെ സാങ്കേതികവിദ്യയിലേക്ക് നിയന്ത്രണങ്ങളില്ലാത്ത പ്രവേശനം നൽകാൻ റഷ്യ തയാറാണെന്ന് അറിയിച്ചു. ഇന്ത്യക്ക് ഈ നിലവാരത്തിലുള്ള പ്രതിരോധ സാങ്കേതികവിദ്യയിലേക്ക് പ്രവേശനം നൽകാൻ മറ്റൊരു രാജ്യവും മുമ്പ് വാഗ്ദാനം ചെയ്തിട്ടില്ല. ഇന്ത്യ ഈ നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ, പാശ്ചാത്യ രാജ്യങ്ങൾ പങ്കുവെക്കാൻ വിസമ്മതിച്ച കഴിവുകൾ സ്വന്തമാക്കാനും, നവീകരിച്ച സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ തദ്ദേശീയമായി നിർമ്മിക്കാനും ഇന്ത്യക്ക് സാധിക്കും.
റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ കൺസോർഷ്യമായ റോസ്‌ടെക്കിന്‍റെ (Rostec) സിഇഒ സെർജി ചെമെസോവ് ദുബായ് എയർ ഷോ 2025-ൽ വെച്ചാണ് ഈ നിർദ്ദേശം വെളിപ്പെടുത്തിയത്. തുടക്കത്തിൽ റഷ്യയിൽ നിർമ്മിക്കുന്ന Su-57 വിമാനങ്ങൾ ഇന്ത്യക്ക് നൽകുകയും, തുടർന്ന് ഘട്ടം ഘട്ടമായി ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റുകയുമാണ് ലക്ഷ്യം. എഞ്ചിനുകൾ, സെൻസറുകൾ, സ്റ്റെൽത്ത് സാമഗ്രികൾ എന്നിവ ഉൾപ്പെടെയുള്ള അഞ്ചാം തലമുറ വിമാന നിർമ്മാണത്തിന്‍റെ മുഴുവൻ സാങ്കേതിക വിദ്യയും ഇന്ത്യക്കായി തുറന്നുകൊടുക്കാൻ മോസ്കോ തയാറാണെന്ന് ചെമെസോവ് പറഞ്ഞു. വർഷങ്ങളായുള്ള ഇന്ത്യ - റഷ്യ സൗഹൃദം എടുത്തുപറഞ്ഞ ചെമെസോവ്, സാങ്കേതികവിദ്യ സംബന്ധിച്ച് ഇന്ത്യയുടെ ഏത് ആവശ്യവും തങ്ങൾക്ക് പൂർണ്ണമായും സ്വീകാര്യമായിരിക്കുമെന്നും വ്യക്തമാക്കി.
സാങ്കേതിക കൈമാറ്റത്തിനും സാങ്കേതിക പഠനത്തിനും മോസ്കോ തയ്യാറാണെന്ന് റഷ്യയുടെ ആയുധ കയറ്റുമതി സ്ഥാപനമായ റോസോബോറോൺ എക്സ്പോർട്ടിന്‍റെ മുതിർന്ന പ്രതിനിധിയും വ്യക്തമാക്കി. എഞ്ചിനുകൾ, ഒപ്റ്റിക്സ്, എഇഎസ്എ റഡാർ, എഐ ഘടകങ്ങൾ, ലോ-സിഗ്നേച്ചർ സാങ്കേതികവിദ്യകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, റഷ്യയുടെ ഒറ്റ എഞ്ചിൻ സ്റ്റെൽത്ത് യുദ്ധവിമാനമായ Su-75 ചെക്ക്മേറ്റ് വിമാനവും ഇന്ത്യക്ക് വാഗ്ദാനം ചെയ്തേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. Su-75 ചെക്ക്മേറ്റിന്‍റെ നിർമ്മാണം ഇന്ത്യയിൽ സ്ഥാപിക്കുന്നത്, തദ്ദേശീയമായി നിർമ്മിക്കുന്ന എഎംസിഎ (AMCA) പോലെയുള്ള ഇരട്ട എഞ്ചിൻ യുദ്ധവിമാനങ്ങൾക്ക് പകരമാകില്ല, മറിച്ച് അതിന് സഹായകരമായിരിക്കും എന്നും പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെട്ടു.
പുടിന്‍റെ വരവ്
23-ാമത് ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്‍റ് പുടിൻ ഡിസംബറിൽ ഇന്ത്യയിലെത്തും. പ്രതിരോധ മേഖലയിൽ സുപ്രധാന പ്രഖ്യാപനങ്ങൾക്ക് ഉച്ചകോടി വേദിയാകുമെന്നാണ് പ്രതീക്ഷ. ഇതിന്‍റെ മുന്നോടിയായി ഈ ആഴ്ചയുടെ ആദ്യം, പുടിന്‍റെ ഉന്നത സഹായിയും മാരിടൈം ബോർഡ് ചെയർമാനുമായ നിക്കോളായ് പട്രുഷേവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ ഉച്ചകോടിക്കുള്ള തയാറെടുപ്പുകളും പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിലെ പൊതുവായ താൽപ്പര്യങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam