
മോസ്കോ: യുദ്ധവിരുദ്ധ പ്രക്ഷോഭം നടത്തിയ 19 കാരിക്ക് ജയിൽ ശിക്ഷ വിധിച്ച് റഷ്യ. ഉക്രൈനെതിരായ റഷ്യയുടെ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിച്ച യുവ ആക്ടിവിസ്റ്റ് ഡാരിയ കൊസിറേവയ്ക്കാണ് റഷ്യൻ കോടതി മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. സെന്റ് പീറ്റേഴ്‌സ്ബർഗിലെ സ്മാരകത്തിൽ ഉക്രേനിയൻ കവി താരാസ് ഷെവ്‌ചെങ്കോയുടെ കവിതയുടെ ഭാഗങ്ങൾ ഒട്ടിച്ചെന്നും റഷ്യൻ സൈന്യത്തെ അധിക്ഷേപിച്ചെന്നും ആരോപിച്ചാണ് നടപടി.
ഡാര്യ കൊസിറേവയ്ക്ക് രണ്ട് വർഷവും എട്ട് മാസവുമാണ് സെന്റ് പീറ്റേഴ്‌സ്ബർഗ് കോടതി തടവ് ശിക്ഷ വിധിച്ചത്. , "ഓ എന്നെ അടക്കം ചെയ്യൂ, പിന്നെ എഴുന്നേൽക്കൂ / നിങ്ങളുടെ ഭാരമുള്ള ചങ്ങലകൾ തകർക്കൂ / സ്വേച്ഛാധിപതികളുടെ രക്തം കൊണ്ട് നനയ്ക്കൂ / നിങ്ങൾ നേടിയ സ്വാതന്ത്ര്യം", എന്നായിരുന്നു പോസ്റ്റർ. ഡാരിയ കൊസിറേവ റഷ്യൻ സൈന്യത്തെ ആവർത്തിച്ച് അധിക്ഷേപിച്ചെന്നാണ് കോടതിയുടെ കണ്ടെത്തൽ.
യുദ്ധവിരുദ്ധ പ്രവർത്തകയായ കൊസിറേവയെ 2022 ഡിസംബറിൽ ഹൈസ്കൂളിൽ പഠിക്കുമ്പോഴും നിയമനടപടി നേരിട്ടിട്ടുണ്ട്. യുക്രൈനെതിരായ യുദ്ധത്തിനെതിരെ പോസ്റ്ററുകൾ ഒട്ടിച്ചതിനായിരുന്നു അന്ന് നടപടി നേരിട്ടത്. കൊസിറോവക്കെതിരെയുള്ള നടപടി സാമ്രാജ്യത്വ സ്വഭാവമുള്ളതാണെന്ന് റഷ്യയിലെ മനുഷ്യാവകാശ സംഘടനകളിലൊന്നായ മെമ്മോറിയൽ പ്രതികരിച്ചു. കൊസിറേവക്കെതിരായ കുറ്റങ്ങൾ അങ്ങേയറ്റം അസംബന്ധമാണ്. വിയോജിപ്പുകളെ അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങളെ ചെറുക്കണമെന്ന് മെമ്മോറിയൽ പറഞ്ഞു.
കൊസിറേവയ്ക്ക് ആറ് വർഷത്തെ തടവ് ശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിരുന്നുവെന്ന് റഷ്യൻ സ്വതന്ത്ര മാധ്യമ ചാനലായ സോട്ട വിഷൻ റിപ്പോർട്ട് ചെയ്തു. കോടതിയിൽ നിന്ന് കൊസിറേവ പുഞ്ചിരിച്ചുകൊണ്ട് തനിക്ക് പിന്തുണയുമായെത്തിയവർക്ക് നേരെ കൈവീശിയാണ് പുറത്തേക്ക് പോയത്. കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് കൊസിറേവയുടെ അഭിഭാഷകൻ അറിയിച്ചതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
Read More : രാജ്യത്തെ മുഴുവൻ കെഎഫ്‍സി ഔട്ട്‍ലെറ്റുകൾക്കും പൊലീസ് സംരക്ഷണം; കെഎഫ്‍സി വിരുദ്ധ സമരം പാകിസ്ഥാനിൽ പടരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam