യുവാക്കൾ യുദ്ധമുഖത്തേക്ക് പോകണമെന്ന് പുടിൻ, പിന്നാലെ റഷ്യയിൽ കൂട്ടപ്പലായനം; വിമാനടിക്കറ്റുകൾക്ക് നിയന്ത്രണം

By Web TeamFirst Published Sep 22, 2022, 5:28 PM IST
Highlights

റഷ്യയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളെല്ലാം പുരുഷന്മാരെക്കൊണ്ട് നിറയുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. യുദ്ധമുഖത്തേക്ക് പോകുന്നത് ഒഴിവാക്കാൻ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ് ഇവർ. ഈ സാഹചര്യത്തിൽ 18നും 65നുമിടയിൽ പ്രായമുള്ള പുരുഷന്മാർക്ക് ടിക്കറ്റുകൾ നൽകരുതെന്ന് തീരുമാനമെടുത്തിരിക്കുകയാണ് റഷ്യൻ വിമാനക്കമ്പനികൾ. 

മോസ്കോ:  യുക്രൈന്‍ അധിനിവേശം എട്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ പരാജയം രുചിക്കുകയാണ് ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയെന്ന് അറിയപ്പെടുന്ന റഷ്യ. പ്രസിഡന്റ് വ്ലാദിമർ പുടിന്റെ യുദ്ധതന്ത്രങ്ങള്‍ പാളുന്നുവെന്ന് റഷ്യയില്‍ നിന്ന് തന്നെ പ്രതിസ്വരങ്ങള്‍ ഉയരുന്നതിനിടെ രാജ്യത്തെ മൂന്ന് ലക്ഷം റിസര്‍വ് സൈനികരെ കൂടി യുദ്ധമുഖത്തിറക്കാനുള്ള ശ്രമത്തിലാണ് പുടിന്‍. എന്നാൽ, ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നതിനു പിന്നാലെ റഷ്യയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളെല്ലാം പുരുഷന്മാരെക്കൊണ്ട് നിറയുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. യുദ്ധമുഖത്തേക്ക് പോകുന്നത് ഒഴിവാക്കാൻ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ് ഇവർ. ഈ സാഹചര്യത്തിൽ 18നും 65നുമിടയിൽ പ്രായമുള്ള പുരുഷന്മാർക്ക് ടിക്കറ്റുകൾ നൽകരുതെന്ന് തീരുമാനമെടുത്തിരിക്കുകയാണ് റഷ്യൻ വിമാനക്കമ്പനികൾ. 

അർമേനിയ, ജോർജിയ, അസർബൈജാൻ, കസാക്കിസ്ഥാൻ തുടങ്ങിയ ഇടങ്ങളിലേക്ക് നേരിട്ടുള്ള വിമാനങ്ങളിലെ ടിക്കറ്റുകളെല്ലാം ബുധനാഴ്ച വിറ്റുപോയെന്നാണ് റിപ്പോർട്ട്.  ഇസ്താംബൂളിലേക്ക് നിരവധി പേർ റഷ്യയിൽ നിന്ന് കടന്നതായി തുർക്കിഷ് എ‌ർലൈൻസും കണക്കുകൾ നിരത്തുന്നു. യുക്രൈനിലേക്ക് യുദ്ധത്തിന് പോകേണ്ടുന്നത് സംബന്ധിച്ച് പുടിൻ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് വിദേശരാജ്യങ്ങളിലേക്കുള്ള ഈ ഒഴുക്കെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതിനിടെയാണ് 18നും 65നുമിടയിൽ പ്രായമുള്ള പുരുഷന്മാർക്ക് ടിക്കറ്റ് നൽകുന്നത് റഷ്യൻ എയർലൈൻസ് നിർത്തിവച്ചെന്ന് ട്വിറ്ററിലൂടെ നിരവധി പേർ റിപ്പോർട്ട് ചെയ്തത്.  റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയുള്ള യുവാക്കൾക്ക് മാത്രമേ രാജ്യം വിടാൻ അനുമതിയുള്ളു എന്ന് ഫോർച്യുൺ റിപ്പോർട്ട് ചെയ്തു. 

പുടിന്റെ  പുതിയ സൈനിക തന്ത്രത്തിനെതിരെ രാജ്യത്ത് വ്യാപകപ്രതിഷേധം ഉയരുന്നതായാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.   പ്രധാന നഗരങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധപ്രകടനങ്ങൾ നടത്തി.  നൂറ് കണക്കിന് പ്രതിഷേധക്കാരെ റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യൻ മനുഷ്യാവകാശ സംഘടനയായ ഒവിഡി-ഇൻഫോയുടെ കണക്കനുസരിച്ച്  1,300ലധികം ആളുകളെ ഇതിനകം റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തു. സെന്‍റ് പീറ്റേഴ്‌സ്ബർഗിലും മോസ്‌കോയിലുമാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായതെന്നും റിപ്പോര്‍ട്ടുണ്ട്.  റഷ്യന്‍ അതിര്‍ത്തിയില്‍ രാജ്യം വിടാനായെത്തിയവരുടെ വാഹനങ്ങളുടെ കിലോമീറ്റര്‍ നീണ്ട നിരയുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റഷ്യയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത് 'റഷ്യയില്‍ നിന്ന് ഏങ്ങനെ പുറത്ത് കടക്കാം' എന്നതാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

യുക്രൈന്‍ യുദ്ധത്തിനായി  ഫെബ്രുവരി 24 ന് മുമ്പ് റഷ്യന്‍ സേന തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ യുക്രൈന്‍ അതിര്‍ത്തിയില്‍  ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും അടുത്ത് റഷ്യന്‍ സൈനികര്‍ നിലയുറപ്പിച്ചിരുന്നതായി യുഎസ്, യുകെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, എത്ര സൈനികരാണ് യുക്രൈന്‍ അധിനിവേശത്തില്‍ പങ്കെടുത്തതെന്ന് റഷ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അധിനിവേശം ഏഴ് മാസം പൂര്‍ത്തിയാക്കുമ്പോള്‍ റഷ്യയ്ക്ക് യുക്രൈന്‍റെ മണ്ണില്‍ ഭീമമായ നഷ്ടമാണ് നേരിടേണ്ടിവന്നതെന്ന് യുക്രൈന്‍ സൈന്യം പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. 75,000 ത്തിനും 80,000 ത്തിനും ഇടയില്‍ റഷ്യന്‍ സൈനികര്‍ യുദ്ധഭൂമിയില്‍ കൊല്ലപ്പെട്ടന്ന് യുക്രൈന്‍ അവകാശപ്പെടുമ്പോള്‍ വെറും 5,000 പേര്‍ക്ക് മാത്രമാണ് ഇതുവരെ ജീവഹാനി സംഭവിച്ചതെന്ന് റഷ്യയുടെ അവകാശവാദം. എന്നാല്‍, റഷ്യയ്ക്ക് കനത്ത നാശമാണ് യുദ്ധമുഖത്ത് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കുന്നതാണ് 3,00,000 റിസര്‍വ് സൈനികര്‍ കൂടി സേനയുടെ ഭാഗമാകണമെന്ന പുടിന്‍റെ ശാസനം. 

Read Also: യുക്രൈന്‍ അധിനിവേശം; 3,00,000 റിസര്‍വ് സൈനികരെ ആവശ്യമുണ്ടെന്ന് പുടിന്‍, രാജ്യം വിടാനൊരുങ്ങി റഷ്യക്കാര്‍

tags
click me!