
ദില്ലി: റഷ്യയുടെ യുക്രൈൻ അധിനിവേശം ആറാഴ്ച പിന്നിടുമ്പോൾ റഷ്യൻ സൈനികരുടെ മനോവീര്യം നഷ്ടമാകുന്നതായി ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. റഷ്യൻ സൈനികരിൽ പലരും മേലുദ്യോഗസ്ഥരിൽ നിന്നുള്ള ഉത്തരവുകൾ ലംഘിക്കുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഒരു റഷ്യൻ വിമാനം റഷ്യൻ സൈനികർ തന്നെ വെടിവെച്ചു വീഴ്ത്തിയതായും ബ്രിട്ടൻ പറയുന്നു.
യുക്രൈൻ യുദ്ധം എളുപ്പമായിരിക്കുമെന്ന് വ്ലാദിമിർ പുടിനെ ചില ഉപദേശകർ തെറ്റിദ്ധരിപ്പിച്ചതായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും വിലയിരുത്തി. ഈ റിപ്പോർട്ടുകളോട് റഷ്യ പ്രതികരിച്ചിരിട്ടില്ല. അതേസമയം, ആശുപത്രികളും, ജലവിതരണ സംവിധാനങ്ങളും, സ്‌കൂളുകളും അടക്കം 24 ജനവാസ കേന്ദ്രങ്ങളിൽ എങ്കിലും റഷ്യ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചു എന്ന് തെളിഞ്ഞതായി യുഎൻ ഹ്യൂമൻ റൈറ്റ്സ് ഹൈക്കമ്മീഷണർ മിഷേൽ ബാഷ്ലെറ്റ് പറഞ്ഞു.
റഷ്യൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്
റഷ്യൻ വിദേശ കാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന മന്ത്രി ഇന്ന് വൈകുന്നേരം പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. നാളെ വിദേശ കാര്യ മന്ത്രി എസ് ജയ്ശങ്കറുമായും മന്ത്രി ചർച്ച നടത്തും. ഏപ്രിൽ പതിനൊന്നിന് ഇന്ത്യയും അമേരിക്കയും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് ലാവ്‌റോവിന്റെ ഇന്ത്യാ സന്ദർശനം. റഷ്യ യുക്രൈൻ സംഘർഷത്തിനിടയിലുള്ള സന്ദർശനം ഇരു രാജ്യങ്ങൾക്കും ഏറെ നിർണായകമാണ്. ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിച്ച് ദിവസങ്ങൾക്ക് ശേഷമാണ് റഷ്യൻ വിദേശകാര്യ മന്ത്രിയുടെ സന്ദർശനം.
റഷ്യയിൽ നിന്ന് ഉയർന്ന വിലക്ക് സൺഫ്ലവർ എണ്ണ വാങ്ങും
റഷ്യയില്‍ നിന്നും ഉയര്‍ന്ന വിലക്ക് സണ്‍ഫ്ലവര്‍ എണ്ണ വാങ്ങാന്‍ ഇന്‍ഡ്യ. 45000 ടണ്‍ ഭക്ഷ്യ എണ്ണ വാങ്ങാനാണ് ധാരണയായത്. യുക്രൈനില്‍ നിന്നും എണ്ണ വാങ്ങിയിരുന്ന ഇറക്കുമതി കമ്പനികളാണ് റഷ്യയുമായി ഇപ്പോള്‍ ധാരണയിലെത്തിയത്. റഷ്യ യുക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്‍ഡ്യയില്‍ ഭക്ഷ്യ എണ്ണ വില കുതിച്ചുകയറുന്ന സാഹചര്യത്തിലാണ് ഉയര്‍ന്ന വില നല്‍കി റഷ്യയില്‍ നിന്നും എണ്ണ എത്തുന്നത്. ടണ്ണിന് 2150 ഡോളര്‍ നിരക്കിലാണ് റഷ്യ സണ്‍ഫ്ലവര്‍ ഒായില്‍ നല്‍കുന്നത്. നേരത്തെ ടണ്ണിന് 1630 ഡോളറിനായിരുന്നു യുക്രൈനില്‍ നിന്നും സണ്‍ഫ്ലവര്‍ ഒായില്‍ ഇന്‍ഡ്യ വാങ്ങിയിരുന്നത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam