
മോസ്‌കോ: റഷ്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക ആഭ്യന്തര മന്ത്രാലയത്തിനു മുന്നിലെ റോഡില്‍ സ്വയം തീകൊളുത്തി മരിച്ചു. വാര്‍ത്താ പോര്‍ട്ടലായ കോസ പ്രസ് എഡിറ്റര്‍ ഇന്‍ ചീഫ് ഐറിന സ്ലാവിനയാണ് ആത്മഹത്യ ചെയ്തത്. റഷ്യന്‍ ഭരണകൂടമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് മരണത്തിനു തൊട്ടുമുമ്പ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഐറിന ആരോപിച്ചു. സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് പൊലീസ് ഐറിനയ്ക്ക് പിഴ ശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ ദിവസം അവരുടെ ഫ്ളാറ്റില്‍ പൊലീസ് റെയ്ഡ് നടന്നിരുന്നു. അതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവം.
തന്റെ ഫ്ളാറ്റില്‍ നടന്ന റെയ്ഡില്‍ പൊലീസ് ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും രേഖകളും പിടിച്ചെടുത്തതായി വ്യാഴാഴ്ച ഐറിന ആരോപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം സ്ഥിതി ചെയ്യുന്ന നിസ്നി നോവ്ഗോറോഡ് ഗോര്‍ക്കി സ്ട്രീറ്റിലെ ബെഞ്ചിലിരുന്നാണ് ഐറിന ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തിന്റെ വീഡയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഐറിനയുടെ ശരീരത്തിലെ തീ കെടുത്താന്‍ ആളുകള്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കോട്ട് ഉപയോഗിച്ച് ഒരാള്‍ തീ കെടുത്താന്‍ ശ്രമിക്കുന്നതും ഐറിന നിലത്തേക്ക് വീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ഐറിനയുടെ മരണം റഷ്യന്‍ അന്വേഷണ സമിതി സ്ഥിരീകരിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന റെയ്ഡുമായി ഇതിനെന്തങ്കിലും ബന്ധമുണ്ടെന്ന് പറയാന്‍ സമിതി തയ്യാറായില്ല.
ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്ന ഓപ്പണ്‍ റഷ്യ എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന്് ആരോപിച്ച് പൊലീസ് ഐറിനയെ നിരന്തരം വേട്ടയാടുന്നതായി ആരോപണമുണ്ടായിരുന്നു. ഐറിനയെ മാനസികമായി തളര്‍ത്തുകയും തടവിലാക്കുകയും പിഴ ചുമത്തുകയും വേട്ടയാടുകയും ചെയ്തിരുന്നതായി അവരുമായി അടുത്ത ബന്ധമുള്ള നടാലിയ ഗ്രയാന്‍സെവിച്ച് ബിബിസിയോട് പറഞ്ഞു.
വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന കോസ പ്രസ് പോര്‍ട്ടലിന്റെ സ്ഥാപകയും എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്നു ഐറിന. ഐറിനയുടെ ആത്മത്യയ്ക്കു പിന്നാലെ പോര്‍ട്ടല്‍ പ്രവര്‍ത്തന രഹിതമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam