
ഹവാന: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 7.3 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ എണ്ണക്കപ്പൽ ക്യൂബൻ തീരത്തെത്തി. കടുത്ത ഊർജ്ജ പ്രതിസന്ധിയും വൈദ്യുതി തടസ്സവും നേരിടുന്ന ക്യൂബയ്ക്ക് വലിയ ആശ്വാസമാകുന്നതാണ് റഷ്യൻ എണ്ണക്കപ്പലിൻ്റെ വരവ്. 'ഓഷ്യൻ എനർജി' എന്ന ലൈബീരിയൻ പതാക വഹിച്ച കപ്പലാണ് ക്യൂബയിലെ മാറ്റാൻസാസ് തുറമുഖത്ത് നങ്കൂരമിട്ടത്. കഴിഞ്ഞ മാസം പകുതിയോടെ റഷ്യയിലെ ടാമാൻ തുറമുഖത്ത് നിന്നാണ് ഈ കപ്പൽ യാത്ര തിരിച്ചത്.
ആഭ്യന്തര എണ്ണ ഉൽപ്പാദനം കുറഞ്ഞതും ഇറക്കുമതി തടസ്സപ്പെട്ടതും മൂലം ക്യൂബയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെട്ടിരുന്നു. പല നഗരങ്ങളിലും മണിക്കൂറുകളോളം നീളുന്ന ലോഡ്ഷെഡ്ഡിംഗ് ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കിടയിലും ക്യൂബയുമായുള്ള സാമ്പത്തിക-ഊർജ്ജ ബന്ധം ശക്തമാക്കാനാണ് റഷ്യ ശ്രമിക്കുന്നത്. വെനിസ്വേലയിൽ നിന്നുള്ള എണ്ണ വരവ് കുറഞ്ഞതും റഷ്യയെ കൂടുതൽ ആശ്രയിക്കാൻ ക്യൂബയെ പ്രേരിപ്പിച്ചു. ഏകദേശം 70 മില്യൺ ഡോളറിലധികം മൂല്യമുള്ള ഇന്ധനമാണ് ഇപ്പോൾ ക്യൂബയിൽ എത്തിയിരിക്കുന്നത്. ഇത് രാജ്യത്തെ തെർമൽ പവർ പ്ലാന്റുകളുടെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കും. ഇതോടെ രാജ്യത്തെ വൈദ്യുതി വിതരണത്തിലുണ്ടായ തടസ്സങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്യൂബൻ സർക്കാർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam