കെര്‍സണില്‍ നിന്ന് റഷ്യന്‍ പിന്മാറ്റം; ഇത് ചരിത്ര ദിവസമെന്ന് സെലെൻസ്കി

Published : Nov 12, 2022, 01:56 PM IST
കെര്‍സണില്‍ നിന്ന് റഷ്യന്‍ പിന്മാറ്റം;  ഇത് ചരിത്ര ദിവസമെന്ന് സെലെൻസ്കി

Synopsis

'കെര്‍സണ്‍ നമ്മുടെതാണ്, ഇത് ചരിത്രപരമായ ദിവസം' എന്നാണ് കെര്‍സണിലെ വിജയത്തെ യുക്രൈന്‍ പ്രസിഡന്‍റ്  വോളോഡിമർ സെലെൻസ്കി വിശേഷിപ്പിച്ചത്. 


കീവ്:  റഷ്യന്‍ സൈന്യത്തിന്‍റെ പിന്മാറ്റത്തോടെ യുക്രൈന്‍റെ തെക്കന്‍ നഗരമായ കെര്‍സണ്‍ തങ്ങളടെ പൂര്‍ണ്ണ നിയന്ത്രണത്തിലായിക്കഴിഞ്ഞെന്ന് യുക്രൈന്‍  പ്രതിരോധ മന്ത്രാലയത്തിന്‍റെ ഉപദേഷ്ടാവ് യൂറി സാക്ക് പറഞ്ഞു. കെര്‍സണില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ റഷ്യയുടെ യുദ്ധതന്ത്രമാണെന്നും കെര്‍സണില്‍ ചതി പതിയിരിപ്പുണ്ടെന്നും യുക്രൈന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍, റഷ്യന്‍ സൈന്യം ഏതാണ്ട് പൂര്‍ണ്ണമായും കെര്‍സണ്‍ നഗരത്തില്‍ നിന്നും പിന്മാറിക്കഴിഞ്ഞെന്നും യുക്രൈന്‍ സൈന്യം നഗരം കൈയടക്കിയെന്നുമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. 

'കെര്‍സണ്‍ നമ്മുടെതാണ്, ഇത് ചരിത്ര ദിവസം' എന്നാണ് കെര്‍സണിലെ വിജയത്തെ യുക്രൈന്‍ പ്രസിഡന്‍റ്  വോളോഡിമർ സെലെൻസ്കി വിശേഷിപ്പിച്ചത്. കെര്‍സണിലെ ഫ്രീഡം സ്ക്വയറില്‍ യുക്രൈന്‍ സൈനികര്‍ക്കൊപ്പം നഗരത്തില്‍ അവശേഷിച്ച യുക്രൈനികള്‍ വിജയം ആഘോഷിച്ചു. 'യുക്രൈന് മഹത്വം, വീരന്മാര്‍ക്ക് മഹത്വം' എന്ന് ജനക്കൂട്ടം വിളിച്ച് പറഞ്ഞു. 30,000 റഷ്യൻ സൈനികരെ കെർസൺ മേഖലയിൽ നിന്ന് പിൻവലിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ ഫെബ്രുവരി 24 ന് റഷ്യ, യുക്രൈന് നേരെ  ആരംഭിച്ച പ്രത്യേക സൈനിക നടപടിക്കിടെ ഇത് രണ്ടാം തവണയാണ് റഷ്യന്‍ സൈന്യം യുദ്ധമുഖത്ത് നിന്ന് പിന്മാറുന്നത്. നേരത്തെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ യുദ്ധമുഖം തുറന്ന റഷ്യന്‍ സൈന്യം കീവിന് സമീപം വരെ എത്തിയെങ്കിലും റഷ്യ സൈന്യത്തെ വടക്കന്‍ മേഖലയില്‍ നിന്ന് നിരുപാധികം പിന്‍വലിക്കുകയും തെക്ക് കിഴക്കന്‍ മേഖലയില്‍ യുദ്ധം ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, യുദ്ധം ഒമ്പതാം മാസത്തിലേക്ക് കടക്കുമ്പോള്‍ യുക്രൈന്‍റെ തെക്കന്‍ മേഖലയില്‍ നിന്നും റഷ്യന്‍ സൈന്യം പിന്മാറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. 

യുദ്ധം ആരംഭിച്ച ശേഷം റഷ്യന്‍ സൈന്യം യുക്രൈനില്‍ നിന്നും പിടിച്ചടക്കിയ ഏക പ്രാദേശിക നഗരമാണ് കെര്‍സണ്‍. കെര്‍സണ്‍ കൂടി കൈവിടുന്നതോടെ റഷ്യയുടെ യുക്രൈന്‍ അധിവിവേശം വന്‍ പരാജയത്തെയാണ് മുന്നില്‍ കാണുന്നത്. കെര്‍സണില്‍ അവശേഷിക്കുന്ന റഷ്യന്‍ സൈന്യം സ്വന്തം യൂണിഫോം അഴിച്ച വച്ച് തദ്ദേശവാസികളുമായി ഇടപഴകാന്‍ ശ്രമിക്കുകയാണെന്ന് യുക്രൈന്‍ പ്രതിരോധ മന്ത്രി യൂറി സാക്ക് പറഞ്ഞു. റഷ്യ നഗരത്തില്‍ നിന്ന്  പിന്മാറുന്നതിനൊപ്പം നഗരം മുഴുവനും മൈനുകള്‍ സ്ഥാപിച്ചെന്നും കെര്‍സണില്‍ നിന്ന് പുറത്ത് കടക്കുന്നതിനുള്ള ഏക പാലമായ അന്‍റോനിവ്സ്കി പാലം തകര്‍ത്തെന്നും പ്രസിഡന്‍റ് സെലെൻസ്കി പറഞ്ഞു. എന്നാല്‍, കെര്‍സണില്‍ നിന്ന് പൂര്‍ണ്ണമായ പിന്മാറ്റമായിരുന്നെന്നും ആളോ ആയുധമോ ഉപകരണങ്ങളോ നഷ്ടമായിട്ടില്ലെന്നും റഷ്യ അറിയിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഗർഭപാത്രമുണ്ടെങ്കിൽ നിങ്ങളൊരു സ്ത്രീയാണ്, ഇല്ലെങ്കിൽ സ്ത്രീയാകില്ല'; പുതിയ വിവാദത്തിന് തിരി കൊളുത്തി എലോൺ മസ്ക്
'ഇതാരുടെ പണം?'; വീണുകിട്ടിയ നോട്ടുകൾ ഉയ‍ർത്തി പാക് പാർലമെന്‍റ് സ്പീക്ക‍ർ ചോദിച്ചപ്പോൾ ഒരുമിച്ച് കൈ ഉയർത്തിയത് 12 എംപിമാർ, പക്ഷേ...