
കീവ്: റഷ്യയിൽ നിന്ന് മിസൈലാക്രമണവും ഡ്രോൺ സ്ഫോടനങ്ങളും ഉണ്ടായതായി യുക്രൈൻ. രാജ്യമെമ്പാടും വ്യോമാക്രമണ സൈറണുകൾ ഉയർന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് വിവരം.
യുക്രെെനിലേക്ക് നിരവധി യുദ്ധ ടാങ്കുകൾ അയക്കുമെന്ന് ബുധനാഴ്ച ജർമ്മനിയും അമേരിക്കയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ആക്രമണം ഉണ്ടായിരിക്കുന്നത്. യുക്രൈനിലെ റഷ്യൻ അധിനിവേശം 12-ാം മാസത്തിലേക്ക് കടക്കുകയാണ്. റഷ്യ യുക്രൈനിൽ കുറഞ്ഞത് 30 മിസൈലുകളെങ്കിലും വിക്ഷേപിച്ചു. റഷ്യയിലെ മർമാൻസ്ക് ഒബ്ലാസ്റ്റിൽ നിന്ന് പറന്നുയർന്ന ആറ് Tu-95 വിമാനങ്ങളാണ് മിസൈലുകൾ വിക്ഷേപിച്ചതെന്നും യുക്രൈൻ വ്യോമസേനാ വക്താവ് യൂറി ഇഹ്നത്ത് പറഞ്ഞു. ഒറ്റരാത്രികൊണ്ട്, തങ്ങളുടെ പ്രതിരോധസേന റഷ്യ അയച്ച 24 ഡ്രോണുകളും വെടിവെച്ചിട്ടതായി സൈന്യം അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി.
പൊതുജനങ്ങളോട് സുരക്ഷിതസ്ഥാനങ്ങളിൽ അഭയം പ്രാപിക്കാൻ അധികൃതർ അറിയിച്ചിട്ടുണ്ട്. ഒക്‌ടോബർ മുതലാണ് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ റഷ്യ സജീവമാക്കിയത്. അതേസമയം, യുദ്ധത്തിൽ റഷ്യക്കെതിരെ പോരാടുന്നതിന് പാശ്ചാത്യ നാലാം തലമുറ യുദ്ധവിമാനങ്ങൾക്കായി യുക്രൈൻ ശ്രമിക്കുന്നതായി വിവരം പുറത്തുവന്നിട്ടുണ്ട്. യുദ്ധ ടാങ്കറുകളുടെ വിന്യാസം പൂർത്തിയാക്കിയതിനുശേഷം യുഎസ് എഫ് -16 പോലുള്ള പാശ്ചാത്യ നാലാം തലമുറ യുദ്ധവിമാനങ്ങൾ സജ്ജീകരിക്കാൻ യുക്രൈൻ മുന്നോട്ട് പോകുമെന്ന് പ്രതിരോധ മന്ത്രിയുടെ ഉപദേശകനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
Read Also: മാധ്യമ സ്വാതന്ത്ര്യം എവിടേയും സംരക്ഷിക്കപ്പെടണം;ബിബിസി ഡോക്യുമെന്‍ററിയെ തള്ളാതെ അമേരിക്ക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam