ഇറാനോടും ഖൊമൈനിയോടും പ്രിയം; ആരാണ് സൽമാൻ റഷ്ദിയെ കുത്തിയ 24കാരൻ ഹാ​ദി മറ്റാർ

By Web TeamFirst Published Aug 13, 2022, 4:15 PM IST
Highlights

ആരാണ് ഹാ​ദി മറ്റാറെന്നും എന്താണ് റഷ്ദിയെ ആക്രമിക്കാനുള്ള ചേതോവികാരമെന്നും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇയാളുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ പരിശോധിച്ചതിൽ ഇയാൾ ഷിയാ തീവ്രആശയക്കാരനാണെന്ന് മനസ്സിലായിട്ടുണ്ട്.

ന്യൂയോർക്ക്: പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ എഴുത്തുകാരൻ സൽമാൻ റഷ്ദിയെ കുത്തിവീഴ്ത്തിയത് 24കാരനായ ഹാദി മറ്റാറെന്ന് പൊലീസ്. ന്യൂജഴ്സിയിലെ ഫെയർവ്യൂവിലെ താമസക്കാരനാണ് ഇയാൾ. പരിപാടിയിൽ പങ്കെടുക്കേണ്ട എല്ലാ കടമ്പകളും മറികടന്നാണ് ഇയാൾ വേദിയിലെത്തിയത്. അതുകൊണ്ടുതന്നെ റഷ്ദിയെ ആക്രമിക്കുന്നതിന് ദീർഘനാളത്തെ തയ്യാറെടുപ്പ് ഇയാൾ നടത്തിയെന്ന് പൊലീസ് സംശയിക്കുന്നു. 2500 പേരാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇതുവരെ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. റഷ്ദിയുടെ ആരോ​ഗ്യസ്ഥിതി അനുസരിച്ചാകും ഇയാൾക്കെതിരെയുള്ള കുറ്റം പൊലീസ് തീരുമാനിക്കുക. 

ആരാണ് ഹാ​ദി മറ്റാറെന്നും എന്താണ് റഷ്ദിയെ ആക്രമിക്കാനുള്ള ചേതോവികാരമെന്നും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇയാളുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ പരിശോധിച്ചതിൽ ഇയാൾ ഷിയാ തീവ്രആശയക്കാരനാണെന്ന് മനസ്സിലായിട്ടുണ്ട്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ​ഗാർഡിനോടും ആരാധന പുലർത്തുന്നു. ലബനനിലാണ് ഇയാളുടെ വേരുകളെന്നും സൂചനയുണ്ട്. ഇറാന്റെ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ലയോടും ഇയാൾക്ക് ചായ്വുണ്ട്. സൽമാൻ റഷ്ദിക്കെതിരെ 33 വർഷങ്ങൾക്കു മുൻപ് ഫത്‌വ പുറപ്പെടുവിച്ച ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനിയുടെ ചിത്രം ഇയാൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ചതും ഇപ്പോൾ ചർച്ചയാകുന്നു.

കുത്തേറ്റ സൽമാൻ റുഷ്ദി വെന്‍റിലേറ്ററിൽ, ഒരു കണ്ണിന് കാഴ്ച നഷ്ടമായേക്കാം; 24 കാരനായ പ്രതിയെ തിരിച്ചറിഞ്ഞു

ഈ അക്കൗണ്ട് നിലവിലില്ലെങ്കിലും സ്ക്രീൻ ഷോട്ട് പ്രചരിച്ചു. ഖൊമൈനിക്ക് പുറമെ, ഇറാന്റെ വീര നേതാവായിരുന്ന  സേനാ കമാൻഡർ ജനറൽ ഖാസിം സുലൈമാനിയുടെ ചിത്രവും ഹാദി മറ്റാറിന്റെ ഫോണിലുണ്ടായിരുന്നു. 2020ൽ യുഎസ് വ്യോമാക്രമണത്തിലാണ്  ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ ഇറാൻ അമേരിക്കക്കെതിരെ രം​ഗത്തെത്തിയിരുന്നു. 

ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിൽ പങ്കെടുക്കാനുള്ള പാസ് ഹാദി മറ്റാറിന്റെ കൈയിൽനിന്ന് പിടിച്ചെ‌ടുത്തിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി  ന്യൂജഴ്സിയിലെ ഫെയർവ്യൂവിലെ വിലാസമാണ് ഹാദി മറ്റാർ സംഘാടകർക്ക് നൽകിയത്. സംഭവസ്ഥലത്തുനിന്ന് ഒരു ബാഗും ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസിന് ലഭിച്ചു. ഇത് ഇയാളുടേതാണെന്ന് സൂചനയുണ്ട്. ഹാദി മറ്റാർ ഒറ്റയ്ക്കാണോ അതോ മറ്റാരെങ്കിലും പിന്നിലുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നു. 

റുഷ്ദി: ഇന്ത്യയുടെ ചരിത്രം ബാധിച്ച എഴുത്തുകാരൻ

ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ പരിപാടിക്കിടെ ഇരിക്കുകയായിരുന്ന റഷ്ദിയെ വേദിയിലേക്കു ഓടിക്കയറിയ ഹാദി മറ്റാർ കുത്തിവീഴ്ത്തുകയായിരുന്നു. കഴുത്തിനും കൈയിലും മുഖത്തും അടിവയറ്റിലും കുത്തേറ്റ റഷ്ദിയുടെ നില അതി​ഗുരുതരമാണ്. ഒരുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.  

click me!