
റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജ് പ്രവിശ്യയിൽ വ്യോമാക്രമണ ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ് സന്ദേശം. അടിയന്തര സാഹചര്യമുള്ളതിനാൽ പൊതുജനങ്ങൾ എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് സൗദി സിവിൽ ഡിഫൻസ് അധികൃതർ മുന്നറിയിപ്പ് നൽകി. സൗദി സിവിൽ ഡിഫൻസ് അധികൃതർ മൊബൈൽ ഫോണിലേക്ക് സന്ദേശം അയച്ചിരുന്നു.
ജനങ്ങൾ പൂർണമായും ശാന്തത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വീടുകള്‍ക്കുള്ളിലോ അല്ലെങ്കില്‍ ജനലുകള്‍, വാതിലുകള്‍ എന്നിവയിൽ നിന്ന് അകന്ന് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നോ ആണ് നിർദ്ദേശം. സിവിൽ ഡിഫൻസ് അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഔദ്യോഗിക മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. വ്യോമാക്രമണ ഭീഷണി ഒഴിഞ്ഞതായി പിന്നീട് അധികൃതർ അറിയിച്ചു. നിലവില്‍ സുരക്ഷാ സാഹചര്യങ്ങൾ നിരീക്ഷിച്ച് വരികയാണ്.
A warning has been issued by the National Early Warning Platform in Al-Kharj Governorate to warn of a danger, follow the instructions below : pic.twitter.com/yPN7QXYMUQ
— الدفاع المدني السعودي (@SaudiDCD) June 8, 2026
ഏപ്രിലിൽ പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷം ആദ്യമായി ഇറാൻ ഇസ്രായേലിന് നേരെ ശക്തമായ മിസൈൽ ആക്രമണം നടത്തി. ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഈ നടപടിയെന്ന് ഇറാൻ വ്യക്തമാക്കി. ഇതേത്തുടർന്ന് മേഖലയിൽ യുദ്ധഭീതി ശക്തമാവുകയും അയൽരാജ്യങ്ങളായ ഇറാഖും സിറിയയും തങ്ങളുടെ വ്യോമപാതകൾ താത്കാലികമായി അടക്കുകയും ചെയ്തു.
ഇന്നലെയാണ് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ മേഖലകളിൽ മുന്നറിയിപ്പില്ലാതെ ഇസ്രയേൽ ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടി നൽകുമെന്ന് ഇറാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേലിലേക്ക് മിസൈലുകൾ തൊടുത്തത്. സുരക്ഷ മുൻനിർത്തി ഇറാഖ് തങ്ങളുടെ വ്യോമപാത അടുത്ത 72 മണിക്കൂറത്തേക്ക് അടച്ചതായി പ്രഖ്യാപിച്ചു. സിറിയ ദമാസ്കസ് വിമാനത്താവളത്തിലെ സർവീസുകൾ നിർത്തിവെച്ചു. ഒപ്പം തെക്കൻ വ്യോമപാത 12 മണിക്കൂർ നേരത്തേക്ക് അടക്കുകയും ചെയ്തിട്ടുണ്ട്. ഇറാന്റെ പടിഞ്ഞാറൻ മേഖലയിലെ വ്യോമപാതയും അടച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam