
റിയാദ്: സൗദി അറേബ്യയിൽ വിവിധ സർക്കാർ മന്ത്രാലയങ്ങളിലെ അഴിമതി തുടച്ചുനീക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനുമുള്ള ശക്തമായ നടപടികളുമായി അഴിമതി വിരുദ്ധ അതോറിറ്റിയായ ‘നസഹ’ രംഗത്ത്. കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്തുടനീളം അതോറിറ്റി നടത്തിയ വിപുലമായ പരിശോധനകളുടെ ഒടുവിലത്തെ വിവരങ്ങൾ ബുധനാഴ്ച പ്രസ്താവനയിലൂടെ പുറത്തുവിട്ടു.
പുതിയ വിവരങ്ങൾ പ്രകാരം, അഴിമതി ആരോപണങ്ങളിൽ 360 ജീവനക്കാരെ ചോദ്യം ചെയ്യുകയും അവർക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 71 പേരെ അതോറിറ്റി ഇതിനകം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രധാനമായും ആഭ്യന്തരം, ആരോഗ്യം, കായികം എന്നീ മൂന്ന് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് നിലവിൽ ഈ കർശന നടപടികൾ നേരിടുന്നത്. കൈക്കൂലി വാങ്ങുക, ഔദ്യോഗിക പദവിയും സ്വാധീനവും ദുരുപയോഗം ചെയ്യുക തുടങ്ങിയ അതീവ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ‘നസഹ’ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം രാജ്യത്തുടനീളം 1,395 നിരീക്ഷണ-പരിശോധനാ പര്യടനങ്ങളാണ് അതോറിറ്റി നടത്തിയത്. സർക്കാർ ഏജൻസികളിൽ സമഗ്രത പ്രോത്സാഹിപ്പിക്കുന്നതിനും അഴിമതിക്കെതിരെ പോരാടുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ അറസ്റ്റിലായവരിൽ ചിലരെ നിയമപ്രകാരമുള്ള ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam