
കൊളംബിയ: 12 വർഷങ്ങൾക്ക് മുൻപ് കാണാതായ 7 വയസുകാരി തിരികെയെത്തി. സ്കൂൾ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ്. കൊളംബിയയിലെ സ്കൂൾ ബസ് ഡ്രൈവറാണ് ഏഴ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ഒരു ദശാബ്ദത്തിലേറെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. ഫെബ്രുവരി മാസം അവസാന ആഴ്ചയാണ് ഇയാളുടെ പിടിയിൽ നിന്ന് പെൺകുട്ടി രക്ഷപ്പെട്ടത്.
പൊലീസിനെ സമീപിച്ച കൌമാരക്കാരി തട്ടിക്കൊണ്ട് പോയ ആളേക്കുറിച്ചും ഇയാൾ ചെയ്ത അതിക്രമങ്ങളേക്കുറിച്ചും വിവരം നൽകിയതിന് പിന്നാലെയാണ് കൊളംബിയയിലെ സ്കൂൾ ബസ് ഡ്രൈവറെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തത്. കൊളംബിയൻ നഗരങ്ങളായ മെഡെലിൻ, ബെല്ലോ എന്നിവിടങ്ങളിലായി മാറി മാറിയാണ് പെൺകുട്ടിയെ ഇയാൾ താമസിപ്പിച്ചിരുന്നത്.
ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഇയാൾ ചിത്രീകരിച്ചതായാണ് കൌമാരക്കാരി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. കാർലോസ് ഹംബേർട്ടോ ഗ്രിസേൽ ഹിഗ്വിറ്റ എന്ന സ്കൂൾ ഡ്രൈവർ കുട്ടിയുടെ പേര് അടക്കം മാറ്റിയതായാണ് പൊലീസ് വിശദമാക്കുന്നത്. സ്കൂളിൽ കുട്ടിയെ അയച്ചിരുന്നില്ല. തട്ടിക്കൊണ്ട് പോകൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ പീഡനം, ലൈംഗിക അതിക്രമം അടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഏഴ് വയസ് മാത്രം പ്രായമുള്ള കുട്ടിയെ ദുരുപയോഗം ചെയ്ത് ഇത്തരം പെരുമാറ്റം സ്വാഭാവിക രീതിയാണെന്ന് ധരിപ്പിക്കാനും ഇയാൾ ശ്രമിച്ചിരുന്നു.
പതിനാറ് വയസ് പ്രായമുള്ളപ്പോൾ ഇയാളെ പെൺകുട്ടി ചോദ്യം ചെയ്തതോടെ ഇയാൾ പെൺകുട്ടിയെ മുറിയിൽ അടച്ചിടുകയായിരുന്നു. ഈ വർഷം ആദ്യമാണ് ഈ വീട്ടിൽ നിന്ന് പെൺകുട്ടി രക്ഷപ്പെട്ടത്. 2.5 ലക്ഷം ആളുകൾ താമസിക്കുന്ന മെഡലിനിൽ ജനുവരിക്കും ഓഗസ്റ്റ് മാസത്തിനും ഇടയിൽ കുട്ടികൾക്കെതിരായ 139 ലൈംഗികാതിക്രമ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
14 വിദേശികളെയും ഇത്തരം കേസുകളിൽ ഈ വർഷം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ വിനോദ സഞ്ചാര മേഖലകളിൽ ലൈംഗിക തൊഴിൽ നിരോധിച്ചിരുന്നു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ സംഭവങ്ങൾ സാധാരണ ഗതിയിൽ ശിക്ഷിക്കപ്പെടാതെ പോവുന്നതായാണ് എൻജിഒ സംഘടനകൾ വിശദമാക്കുന്നത്. പ്രോസിക്യൂട്ടർ ജനറലിൽ നിന്ന് ലഭ്യമാകുന്ന കണക്കുകളും ഇതിനെ സാധൂകരിക്കുന്നതാണ്. കൊളംബിയയിലെ കുട്ടികളിൽ അഞ്ചിൽ രണ്ട് പേരും 18 വയസിന് മുൻപ് ലൈംഗിക അതിക്രമം നേരിടുന്നതായാണ് 2021ൽ പുറത്ത് വന്ന വയലൻസ് എഗെയ്ൻസ്റ്റ് ചിൽഡ്രൻ സർവ്വേ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam