
ലണ്ടൻ: ഇന്ത്യ-യുകെ വ്യാപാര കരാർ ഒപ്പുവച്ചതോടെ വില കുറയുന്നവയുടെ കൂട്ടത്തിൽ ചോക്ലേറ്റും സ്കോച്ച് വിസ്കിയും മുതൽ കാർ വരെയുണ്ട്.
സ്കോച്ച് വിസ്കിയുടെ തീരുവ 150ൽ നിന്ന് 75 ശതമാനം ആയി കുറയ്ക്കും. 10 വർഷത്തിൽ ഇത് 40 ശതമാനമായി കുറയും. ജാഗ്വാർ, ലാൻഡ്റോവർ തുടങ്ങിയ കാറുകളുടെ തീരുവ 100ൽ നിന്ന് 10 ശതമാനം ആയി കുറയ്ക്കും. നിശ്ചിത എണ്ണം കാറുകളാവും തീരുവ കൂറച്ച് ഇറക്കുമതി അനുവദിക്കുക. ഇന്ത്യൻ കമ്പനികൾ നിയമിക്കുന്ന ജീവനക്കാരെ മൂന്ന് വർഷത്തേക്ക് സാമൂഹ്യ സുരക്ഷ നിധി വിഹിതം നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രൊഫഷണലുകൾക്ക് യുകെ ഓഫീസ് ഇല്ലെങ്കിലും രണ്ട് കൊല്ലം 35 മേഖലകളിൽ തൊഴിൽ ചെയ്യാം.
കരാർ ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാമറും വിശേഷിപ്പിച്ചു. സുഗന്ധ വൃഞ്ജനങ്ങൾക്കും സമുദ്രോത്പന്നങ്ങൾക്കും തീരുവ ഇല്ല. തുകൽ, ചെരുപ്പ്, തുണിത്തരം എന്നിവയുടെ തീരുവയും ഒഴിവാക്കി.
യൂറോപ്യൻ യൂണിയനിൽ നിന്ന് യുകെ പുറത്തു വന്നതിനു ശേഷമുള്ള ഏറ്റവും പ്രധാന വ്യാപാര കരാർ എന്നാണ് ബ്രിട്ടൻ ഇന്ത്യയുമായുള്ള ധാരണയെ വിശേഷിപ്പിച്ചത്. ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്നങ്ങൾക്ക് യുകെയിൽ 20 ശതമാനം തീരുവ ഉണ്ടായിരുന്നത് പൂജ്യമാക്കി. ഇന്ത്യയിൽ നിന്നുള്ള ചെമ്മീനും ഇതുവഴി തീരുവയില്ലാതെ യുകെ ഇറക്കുമതി ചെയ്യും. സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി തുടങ്ങിയവയുടെ തീരുവയും എടുത്തു കളഞ്ഞു. തേയില, കാപ്പി എന്നിവയുടെ ഇറക്കുമതി നിയന്ത്രണം ഒഴിവാക്കാനും യുകെ തയ്യാറായി.
ഇന്ത്യൻ തുണിത്തരങ്ങൾക്ക് 12 ശതമാനവും കെമിക്കലുകൾക്ക് 8 ശതമാനവും തീരുവ യുകെ ചുമത്തിയിരുന്നു. ഇവ രണ്ടും പിൻവലിച്ചു. ഇന്ത്യയിൽ നിന്നുള്ള സോഫ്റ്റ്വയറിനുള്ള തീരുവ കുറച്ചത് ഐടി മേഖലയ്ക്ക് സഹായകരമാകും. സ്മാർട്ട് ഫോണുകൾ, എഞ്ചിനീയറിംഗ് ഉത്പനങ്ങൾ, പാവകൾ, സ്പോർട്ട്സ് ഉപകരണങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, പ്ളാസ്റ്റിക്, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കുള്ള തീരുവ എടുത്തുകളയാനും യുകെ സമ്മതിച്ചു.
യുകെ ഉത്പന്നങ്ങൾക്ക് ഇന്ത്യയിലുണ്ടായിരുന്ന ശരാശരി 15 ശതമാനം തീരുവ 3 ശതമാനമായി കുറയ്ക്കും. മെഡിക്കൽ ഉപകരണങ്ങൾ വിമാന ഭാഗങ്ങൾ എന്നിവ കുറഞ്ഞ നിരക്കിൽ ഇന്ത്യയ്ക്ക് ഇറക്കുമതി ചെയ്യാം. അതേ സമയം ക്ഷീരോത്പന്നങ്ങൾ, ഭക്ഷ്യ എണ്ണ, ആപ്പിൾ തുടങ്ങിവയ്ക്കുള്ള സംരക്ഷണം തുടരും എന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. യുകെയിലെ ആറു സർവ്വകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസ് തുടങ്ങാനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പു വച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam