ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഇറാനുമായി ഒരു ധാരണയിലെത്താൻ അമേരിക്കക്ക് കഴിയുമോ എന്നതിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

വാഷിങ്ടൺ: ഇറാൻ-അമേരിക്ക ചർച്ചയിൽ ഇറാനുമായി ധാരണയിൽ എത്താൻ ആകുമോ എന്നതിൽ സംശയം പ്രകടിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ബലിസ്റ്റിക് മിസൈൽ പദ്ധതിയും മേഖലയിലെ അനുകൂല സംഘങ്ങൾക്ക് ആയുധവും സാങ്കേതിക വിദ്യയും നൽകുന്നതും ട്രംപൂമായി ചർച്ച ചെയ്തെന്നു നെതന്യാഹു പറഞ്ഞു. തന്നോട് അഭിപ്രായം ചോദിച്ചെന്നും താൻ നിലപാട് അറിയിച്ചെന്നും നെതന്യാഹു വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ വൈറ്റ് ഹൗസിൽ മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയിൽ ഇറാനുമായുള്ള ആണവ ചർച്ചകളും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളുമാണ് പ്രധാനമായും വിഷയമായത്. ഇറാനുമായി ഒരു നയതന്ത്ര കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. ഇറാനുമായി നിലവിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ തുടരണമെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്.

ഒരു കരാറിലെത്താൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ ചർച്ചകൾ തുടരണമെന്ന് താൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി ട്രംപ് പിന്നീട് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ചർച്ചയിൽ നിർണ്ണായകമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഇറാൻ കരാർ സാധ്യമായില്ലെങ്കിൽ മറ്റ് പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.