
ബാമാകോ: മാലിയിൽ ചെറുകിട സ്വർണഖനിയിലുണ്ടായ അപകടത്തിൽ 40 പേർ കൊല്ലപ്പെട്ടു. മാലിയുടെ പടിഞ്ഞാറൻ മേഖലയിലെ സ്വർണ ഖനിയിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളാണെന്നാണ് റിപ്പോർട്ട്. ശനിയാഴ്ചയാണ് ഖനി തകർന്നത്. കെനീബ പട്ടണത്തിന് സമീപമാണ് അപകടമുണ്ടായ ചെറുകിട സ്വർണ ഖനി പ്രവർത്തിച്ചിരുന്നത്.
ഈ വർഷത്തിലെ രണ്ടാമത്തെ അപകടമാണ് ഇത്. ഫ്രഞ്ച് സംസാരിക്കുന്ന മാലിയിലെ മേഖല കൂടിയാണ് ഇവിടം. ആഫ്രിക്കയിൽ ഏറ്റവും അധികം സ്വർണം ഉൽപാദിപ്പിക്കുന്നതിൽ ഒരിടം കൂടിയാണ് ഇവിടം. ചൈനീസ് സ്വദേശികളായിരുന്നു ഈ ഖനി പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ വിശദമാക്കുന്നത്. നേരത്തെ ജനുവരി 29ന് മാലിയിലെ ഖനിയിലുണ്ടായ അപകടത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടിരുന്നു. കൂലികോരോ മേഖലയിലെ ഖനിയിലുണ്ടായ അപകടത്തിൽ മരിച്ചവരിലേറെയും സ്ത്രീകളായിരുന്നു. കഴിഞ്ഞ ജനുവരിയിൽ ബാമാകോ മേഖലയിലുണ്ടായ അപകടത്തിൽ 70 പേരാണ് മരിച്ചത്.
മാലിയിൽ നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന ഖനികളേക്കുറിച്ചുള്ള ആശങ്ക വ്യക്തമാക്കുന്നതാണ് നിലവിലെ സംഭവം. വിഘടന വാദികൾക്കാണ് ഇത്തരം ഖനികൾ കൊണ്ട് പ്രയോജനം ലഭിക്കുന്നതെന്നാണ് വ്യാപകമാവുന്ന ആരോപണം. മാലിയിൽ നിന്ന് കയറ്റുമതി ചെയ്യുന്നതിൽ ഏറ്റവും പ്രാധാന്യമുള്ളത് സ്വർണമാണ്. 2021ലെ കയറ്റുമതിയുടെ 80 ശതമാനവും സ്വർണമായിരുന്നു. 2 ദശലക്ഷത്തിലധികം ആളുകളാണ് ഖനികളിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മാലിയിൽ ഉപജീവനം മുന്നോട്ട് കൊണ്ട് പോവുന്നത്. ഇത് മാലിയുടെ ജനസംഖ്യയുടെ 10 ശതമാനത്തോളം വരുമെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. ഓരോ വർഷവും മാലിയിൽ ഉൽപാദിപ്പിക്കപ്പെടുന്ന സ്വർണത്തിന്റെ 6 ശതമാനത്തോളം ഇത്തരം ചെറുകിട ഖനികളിൽ നിന്നാണ് വരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം