ചൈനയില്‍ സുരക്ഷാ ജീവനക്കാരന്‍ 37 വിദ്യാര്‍ത്ഥികളുള്‍പ്പടെ 39 പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു

By Web TeamFirst Published Jun 4, 2020, 6:30 PM IST
Highlights

വാങ്ഫു സെന്‍ട്രല്‍ പ്രൈമറി സ്‌കൂളില്‍ രാവിലെ എട്ടരയോടെ  കുട്ടികള്‍ ക്ലാസിലേക്ക് എത്തുമ്പോഴാണ് സംഭവം നടന്നത്. ഏകദേശം 50 വയസ് പ്രായമുള്ളയാളാണ് അക്രമത്തിന് പിന്നില്‍. 

ബെയ്ജിങ്: തെക്കൻ ചൈനയില്‍ പ്രൈമറി സ്‌കൂളില്‍ സുരക്ഷാ ജീവനക്കാരന്‍ കത്തി ഉപയോഗിച്ച് വിദ്യാര്‍ത്ഥികളടക്കം 39 പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റവരില്‍ 37 പേര്‍  വിദ്യാര്‍ഥികളും രണ്ട് പേര്‍ മുതിര്‍ന്നവരുമാണ്. അക്രമത്തിനിരയായ എല്ലാവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും  ജീവന്‍ അപകടത്തിലല്ലെന്ന് അധികൃതര്‍ അറിയിച്ചു. വാങ്ഫു സെന്‍ട്രല്‍ പ്രൈമറി സ്‌കൂളില്‍ രാവിലെ എട്ടരയോടെ  കുട്ടികള്‍ ക്ലാസിലേക്ക് എത്തുമ്പോഴാണ് സംഭവം നടന്നത്. ഏകദേശം 50 വയസ് പ്രായമുള്ളയാളാണ് അക്രമത്തിന് പിന്നില്‍. 

കൊവിഡ് പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് മാസങ്ങളോളം നീണ്ട അടച്ചിടലിന് ശേഷം മെയ് മാസത്തിലാണ് ഈ പ്രദേശത്തെ സ്‌കൂളുകള്‍  വീണ്ടും തുറന്നത്.  രാവിലെ കുട്ടികള്‍ സ്കൂളിലേക്ക് വരുന്നവഴിയാണ് സുരക്ഷാ ജീവനക്കാരന്‍ പ്രകോപനമില്ലാതെ ആക്രമിച്ചത്. ആക്രമണത്തില്‍ 37 വിദ്യാര്‍ഥികള്‍ക്ക് നേരിയ പരിക്കുകളും രണ്ട് മുതിര്‍ന്നവര്‍ക്ക് ഗുരുതരമായ പരിക്കുകളും സംഭവിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു. 

ചൈനയില്‍ നിരവധി സ്കൂളുകളില്‍ സമാനമായ അക്രമങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ തെക്കുപടിഞ്ഞാറൻ യുനാൻ പ്രവിശ്യയിലെ കിന്‍റര്‍ ഗാര്‍ഡനില്‍ ഒരാള്‍ ആസിഡ് ആക്രമണം നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളടക്കം 51 പേര്‍ക്കാണ് അന്ന് പരിക്കേറ്റത്. ഇത്തരത്തില്‍ കുട്ടികള്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ സമീപകാലത്ത് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

click me!