
വാഷിങ്ടണ്‍: ഇറാനെതിരെ സൈനിക നടപടി വിപുലീകരിക്കുന്ന കാര്യം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്. ശക്തമായ വ്യോമാക്രമണം മുതൽ ഇറാന്റെ തന്ത്രപ്രധാനമായ മേഖലകൾ ലക്ഷ്യമിട്ടുള്ള കരയുദ്ധം വരെയുള്ള വിവിധ സൈനിക നീക്കങ്ങളാണ് ട്രംപിന്റെ പരിഗണനയിലുള്ളതെന്ന് 'ദി വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. ഇറാനെതിരെ അടുത്തതായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി ട്രംപ് ചർച്ച നടത്തി. വൈറ്റ് ഹൗസിൽ അടുത്തിടെ ചേർന്ന യോഗത്തിൽ, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതും ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന 'പിക്കാക്സ് മൗണ്ടൻ' തുരങ്കത്തിന് നേരെ ആക്രമണം നടത്തുന്നതും ഉൾപ്പെടെ ചർച്ച ചെയ്തതായാണ് റിപ്പോർട്ട്.
ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ ഖാർഗ് ദ്വീപ് പിടിച്ചെടുത്താൽ ഇറാന്റെ എണ്ണ കയറ്റുമതിയുടെ നിയന്ത്രണം യുഎസിന്റെ കൈയിലെത്തും. ഇതോടെ ഇറാനു മേൽ വലിയ സാമ്പത്തിക സമ്മർദ്ദം ചെലുത്താൻ അമേരിക്കയ്ക്ക് കഴിയും. അതേസമയം യുഎസ് സൈനികരുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയും അമേരിക്കയ്ക്കുണ്ട്. ഷിപ്പിംഗ് റൂട്ടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇറാന്റെ സൈനിക നിലപാടുകളെ പ്രതിരോധിക്കുന്നതിനുമായി ഹോർമുസ് കടലിടുക്കിന് സമീപമുള്ള അബു മൂസ, ഗ്രേറ്റർ ടുൺബ്, ലെസ്സർ ടുൺബ് തുടങ്ങിയ മറ്റ് ദ്വീപുകൾ കൂടി കൈവശപ്പെടുത്തുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇറാന്റെ സൈനിക നീക്കങ്ങളെ പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ തന്ത്രപ്രധാന ദ്വീപുകൾ ലക്ഷ്യമിടുന്നത്.
ഇറാന്റെ ഭൂഗർഭ തുരങ്ക സമുച്ചയമായ 'പിക്കാക്സ് മൗണ്ടൻ' ആക്രമിക്കുക എന്നതാണ് ട്രംപിന് മുന്നിലുള്ള മറ്റൊരു ആലോചന. പർവതത്തിന് നൂറുകണക്കിന് അടി താഴെയായി സ്ഥിതി ചെയ്യുന്ന ഈ ആണവ കേന്ദ്രം തകർക്കുക എന്നത് യുഎസും ഇസ്രയേലും ഇതിനകം ലക്ഷ്യമിട്ട മറ്റ് ആണവ നിലയങ്ങളെ അപേക്ഷിച്ച് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പിക്കാക്സ് മൗണ്ടനെ ലക്ഷ്യമിടുമെന്ന് ട്രംപ് പരസ്യമായി സൂചന നൽകിയിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും നയതന്ത്ര ചർച്ചകളുടെ വഴി ഇപ്പോഴും തുറന്നു കിടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam