ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ നയതന്ത്രവും പ്രതിരോധവും ഒരുപോലെ പ്രധാനമാണെന്ന് ഇറാൻ. യുഎസ് ഭീഷണി ശക്തമാകുന്നതിനിടെ, യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും രാജ്യത്തെ സംരക്ഷിക്കാൻ പോരാടാൻ തയ്യാറാണെന്ന് പാർലമെൻ്റ് സ്പീക്കർ വ്യക്തമാക്കി.
ടെഹ്‌റാൻ: ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നയതന്ത്ര നീക്കങ്ങൾ തുടരുമ്പോഴും രാജ്യം എപ്പോഴും യുദ്ധമുണ്ടായാൽ നേരിടാൻ സജ്ജമായിരിക്കണമെന്ന് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇറാൻ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യത്തിന്‍റെ പരമാധികാരവും താല്പര്യങ്ങളും സംരക്ഷിക്കാൻ അവസാന ശ്വാസം വരെ പോരാടാൻ ഒരുങ്ങിയിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ഒരിടവേളയ്ക്ക് ശേഷം രൂക്ഷമാകുന്നതിനിടെയാണ് പ്രതിരോധത്തിനും നയതന്ത്രത്തിനും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഇറാന്‍റെ പ്രതികരണം പുറത്തുവരുന്നത്.
ഇറാൻ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ വ്യോമാക്രമണം കൂടുതൽ ശക്തമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ചർച്ചകളിലേക്ക് ഇറാൻ മടങ്ങിയെത്തിയില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ രാജ്യത്തെ ഊർജ്ജ നിലയങ്ങളും പാലങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. എന്നാൽ അമേരിക്കയുടെ ഈ ഭീഷണിക്ക് വഴങ്ങാൻ ഇറാൻ തയ്യാറല്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. നിലവിൽ അമേരിക്കയുമായി ചർച്ചകൾ നടത്തുന്നതിനെക്കുറിച്ച് ഇറാൻ ആലോചിക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ വ്യക്തമാക്കി.
ഇറാൻ ഇപ്പോൾ പൂർണ്ണമായും രാജ്യത്തിന്റെ പ്രതിരോധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ തെക്കൻ മേഖലകളിൽ അമേരിക്ക അടുത്തിടെ നടത്തിയ ആക്രമണങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ദിവസങ്ങളിലെ യുഎസ് ആക്രമണങ്ങളിൽ 35 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണങ്ങൾ തുടരുമ്പോഴും നയതന്ത്ര ചർച്ചകളുടെ വാതിലുകൾ പൂർണ്ണമായി അടയ്ക്കരുതെന്നാണ് യുഎസുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്ന സ്പീക്കർ ഖാലിബാഫിന്റെ നിലപാട്. പ്രതിരോധത്തിനൊപ്പം നയതന്ത്രവും ഒരേസമയം ഉപയോഗിച്ചാൽ മാത്രമേ രാജ്യത്തിന്റെ താല്പര്യങ്ങൾ പരമാവധി സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം തന്റെ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.


