
ന്യൂജേഴ്സി: ഇന്ത്യയും ന്യൂജേഴ്സിയും തമ്മിൽ വാണിജ്യ ബന്ധം ഊർജ്ജിതപ്പെടുത്താൻ ലക്ഷ്യമിട്ട് ന്യൂജേഴ്സി ഗവർണർ ഫിൽ മർഫി രൂപീകരിച്ച ന്യൂ ജേഴ്‌സി ഇന്ത്യ കമ്മീഷൻ സംഘത്തിൽ ഇടം നേടി മുതിർന്ന മാധ്യമ പ്രവർത്തകനും കോർപ്പറേറ്റ് സീനിയർ എക്സിക്യൂട്ടീവുമായ കൃഷ്ണ കിഷോർ. ഡിസംബർ 8 മുതൽ 16 ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കൻ സംഘത്തിലാണ് പ്രൈസ് വാട്ടർ ഹൌസ് കൂപ്പേർസിലെ സീനിയർ ഡയറക്ടറും, ഏഷ്യാനെറ്റ് ന്യൂസിലെ മുതിർന്ന മാധ്യമ പ്രവർത്തകനുമായ ഡോ കൃഷ്ണ കിഷോർ ഇടം നേടിയത്. ന്യൂ ജേഴ്സി ലെഫ്റ്റനന്റ് ഗവർണറും സെക്രട്ടറി ഓഫ് സ്‌റ്റേറ്റും ആയ ടഹീഷ വേയാണ് ട്രേഡ് മിഷനെ നയിക്കുന്നത്.
ഇത് ആദ്യമായാണ് ന്യൂ ജേഴ്സിയെ പ്രതിനിധീകരിച്ച് ഒരു ഉന്നത തല ഔദ്യോഗിക സംഘം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുമായി വാണിജ്യ വ്യവസായ നിക്ഷേപങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യയിൽ എത്തുന്നത്. ഈ നിർണായക ദൗത്യത്തിന്റെ ഭാഗമാകാൻ കഴിയുന്നത് ജീവിതത്തിലെ ഒരു നേട്ടമായി കാണുന്നുവെന്ന് കൃഷ്ണ കിഷോർ വിശദമാക്കുന്നത്. ബെംഗളൂരു, ഹൈദരാബാദ്. അഹമ്മദാബാദ്, അമൃത്‌സർ, ന്യൂ ഡൽഹി എന്നീ നഗരങ്ങൾ ട്രേഡ് മിഷൻ സംഘം സന്ദർശിച്ച് വിവിധ വാണിജ്യ കരാറുകളിൽ ഒപ്പു വെക്കും.
തെലങ്കാന, പഞ്ചാബ്, ഗുജറാത്ത് മുഖ്യമന്ത്രിമാരായി കൂടിക്കാഴ്ച്ച നടത്തും. ദില്ലിയിൽ വിദേശ കാര്യ മന്ത്രി ഡോ. എസ് ജയ്‌ശങ്കറുമായും, മോദി മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരുമായും ചർച്ചകൾ നടത്തും. യുഎസ് അംബാസഡർ എറിക് ഗാർസെറ്റി ട്രേഡ് മിഷൻ സംഘത്തെ യുഎസ് എംബസ്സിയിൽ സ്വീകരിച്ച് ഔദ്യോഗിക ചർച്ചകൾ നടത്തും. 20 അംഗ സംഘത്തിൽ ചൂസ് ന്യൂ ജേഴ്‌സി സിഇഒ വെസ് മാത്യൂസ്, ന്യൂ ജേഴ്‌സി ഇന്ത്യ കമ്മീഷൻ ഡയറക്റ്റർ രാജ്പാൽ ബാത്ത് തുടങ്ങിയ പ്രമുഖരും ഉൾപ്പെടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam