13 സ്ത്രീകളെ കൊലപ്പെടുത്തി, എണ്‍പതുകളില്‍ ബ്രിട്ടനെ ഞെട്ടിച്ച സീരിയല്‍ കില്ലര്‍ കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published Nov 13, 2020, 3:26 PM IST
Highlights

ദൈവത്തില്‍ നിന്നുള്ള ദൂതനാണ് തനെന്നും തെറ്റായ വഴികളില്‍ നടന്ന സ്ത്രീകളെയാണ് താന്‍ കൊലപ്പെടുത്തിയതെന്നായിരുന്നു പീറ്റര്‍ വാദിച്ചിരുന്നത്. 13 പേരെ കൊലപ്പെടുത്തിയതിന് പുറമേ ഏഴുപേരെ കൊലപ്പെടുത്താനും ഇയാള്‍ ശ്രമിച്ചിരുന്നു. 

ബ്രിട്ടനെ ഞെട്ടിച്ച സീരിയല്‍ കില്ലര്‍ കൊവിഡ് ബാധിച്ച് മരിച്ചു. പതിമൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയതിന് ആജീവനാന്ത തടവ് ശിക്ഷ ലഭിച്ച പീറ്റര്‍ സ്യൂട്ട്ക്ലിഫേയാണ് 74ാം വയസില്‍ മരിച്ചത്. വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും യോര്‍ക്ക് ഷെയറിനേയും ഒരു കാലഘട്ടത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയ കൊലപാതകി ആയിരുന്നു പീറ്റര്‍. 1981ലായിരുന്നു പീറ്ററിനെ തടവിലടച്ചത്. 

ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്ന പീറ്റര്‍ കൊവിഡ് ബാധിച്ചതിന് പിന്നാലെ ചികിത്സ സ്വീകരിക്കുന്നതിന് വിസമ്മതിച്ചിരുന്നു. 1975ലാണ് പീറ്റര്‍ ആദ്യ കൊലപാതകം നടത്തിയത്. നാലുമക്കളുടെ അമ്മയും ഇരുപത്തിയെട്ടുകാരിയുമായ വില്‍മ മക്കാന്‍ ആയിരുന്നു പീറ്ററിന്‍റെ ആദ്യ ഇര. കത്തിക്കൊണ്ട് കുത്തിയും ചുറ്റികകൊണ്ട് തലക്കടിച്ചും സ്ത്രീകളെ കൊല്ലുന്നതായിരുന്നു ഇയാളുടെ രീതി. 

വില്‍മയെ 15ലേറെ തവണയാണ് ഇയാള്‍ കുത്തിയതെന്നാണ് റിപ്പോര്‍ട്ട്.  പതിനെട്ടിനും നാല്‍പ്പത്തിയേഴിനും ഇടയില്‍ പ്രായമുള്ള 13 വനിതകള്‍ക്കാണ് ഇയാളുടെ ക്രൂരതയില്‍ ജീവന്‍ നഷ്ടമായത്. ദൈവത്തില്‍ നിന്നുള്ള ദൂതനാണ് തനെന്നും തെറ്റായ വഴികളില്‍ നടന്ന സ്ത്രീകളെയാണ് താന്‍ കൊലപ്പെടുത്തിയതെന്നായിരുന്നു പീറ്റര്‍ വാദിച്ചിരുന്നത്. 13 പേരെ കൊലപ്പെടുത്തിയതിന് പുറമേ ഏഴുപേരെ കൊലപ്പെടുത്താനും ഇയാള്‍ ശ്രമിച്ചിരുന്നു. 

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരേയാണ് കൊലപ്പെടുത്തിയതെന്ന് അവകാശപ്പെട്ടിരുന്ന പീറ്റര്‍ കൊലപ്പെടുത്തിയവരില്‍ ചിലര്‍ മാത്രമായിരുന്നു വേശ്യാവൃത്തിയിലേര്‍പ്പെട്ടിരുന്നത്. 1970 മുതല്‍ നൂറ്റമ്പതോളം പൊലീസ് ഉദ്യോഗസ്ഥര്‍ 11000ല്‍ അധികം ആളുകളെ ചോദ്യം ചെയ്താണ് പീറ്ററിനെ കണ്ടെത്തിയത്. കേസ് അന്വേഷണത്തിനിടയില്‍ ഇയാളെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യലില്‍ നിന്ന് രക്ഷപ്പെട്ട ഇയാള്‍ കൊലപാതക പരമ്പര തുടരുകയായിരുന്നു. തടവിലായ ശേഷം ഒരിക്കല്‍ പോലും കണ്ണീര്‍ ചിന്താത്ത കുറ്റവാളിയെന്ന് വിലയിരുത്തപ്പെട്ട് പീറ്റര്‍ ബ്രിട്ടനിലെ ഏറ്റവും ക്രൂരനായ കൊലപാതകിയെന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 

click me!