ജോർദാനിലെ ദേവാലയത്തിൽ ശവസംസ്കാര ചടങ്ങിനിടെ വെടിവെയ്പ്പ്; ഏഴ് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് ഗുരുതര പരിക്ക്

Published : Oct 23, 2026, 09:14 PM IST
seven killed in shooting at church funeral in jordan several critically injured

Synopsis

തെക്കൻ ജോർദാനിലെ കാരക് ഗവർണറേറ്റിൽ ക്രിസ്ത്യൻ ദേവാലയത്തിന് നേരെ നടന്ന വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. പത്ത് പേർക്ക് പരിക്കേറ്റു.

ജോർദാൻ: തെക്കൻ ജോർദാനിലെ കാരക് ഗവർണറേറ്റിൽ ക്രിസ്ത്യൻ ദേവാലയത്തിന് നേരെ നടന്ന വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഹമ്മൂദ് ഗ്രാമത്തിലെ ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ ശവസംസ്കാര ചടങ്ങുകൾ പുരോഗമിക്കവേയാണ് നാടിനെ നടുക്കിയ ആക്രമണമുണ്ടായത്. അന്തരിച്ച ഒരു സ്ത്രീയുടെ സംസ്കാര ചടങ്ങുകൾക്കായി ദേവാലയത്തിനകത്തും പുറത്തുമായി ഇരുനൂറോളം ആളുകൾ തടിച്ചുകൂടിയ സമയത്താണ് അക്രമികൾ എത്തിയത്. ദേവാലയത്തിന് മുന്നിൽ വാഹനം നിർത്തിയിറങ്ങിയ അജ്ഞാതരായ അക്രമികൾ ജനക്കൂട്ടത്തിന് നേരെ നിർദാക്ഷിണ്യം വെടിയുതിർക്കുകയായിരുന്നു.

ഏകദേശം അഞ്ച് മിനിറ്റോളം തുടർച്ചയായി വെടിവെപ്പ് നീണ്ടുനിന്നു. ആദ്യം പള്ളിക്ക് പുറത്തുണ്ടായിരുന്നവർക്ക് നേരെയും പിന്നീട് കെട്ടിടത്തിന് അകത്തേക്ക് കടക്കാൻ ശ്രമിച്ചവർക്ക് നേരെയും അക്രമികൾ വെടിയുതിർത്തു. ആക്രമണത്തിന് ശേഷം ഇവർ വാഹനത്തിൽ തന്നെ രക്ഷപ്പെട്ടു. ജോർദാനിയൻ ഔദ്യോഗിക വാർത്താ ഏജൻസിയും പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റും സംഭവം സ്ഥിരീകരിച്ചു. അക്രമികളെ കണ്ടെത്തുന്നതിനായി ജോർദാൻ സുരക്ഷാ സേന പ്രദേശത്ത് വൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തെ വംശീയവും മതപരവുമായ ഐക്യത്തെ തകർക്കാനുള്ള നീക്കമാണിതെന്ന് പ്രമുഖ പ്രാദേശിക നേതാക്കൾ അപലപിച്ചു. ഊഹാപോഹങ്ങളും ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും സുരക്ഷാ സേനയുടെ അന്വേഷണത്തോട് സഹകരിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ നയതന്ത്ര-സൈനിക ചർച്ചകൾ തുടരുന്നു: വിദേശകാര്യ മന്ത്രാലയം
യെമൻ തീരത്ത് ആക്രമിക്കപ്പെട്ട 14 ഇന്ത്യക്കാരെ കണ്ടെത്തി; റിയാദിലേക്കുള്ള ഇൻഡിഗോ സർവ്വീസുകൾ വീണ്ടും നീട്ടി, ഇറാനെതിരെ ആക്രമണം പുനരാരംഭിക്കാൻ അമേരിക്ക