കഴുത്തറ്റം വെള്ളത്തില്‍ രക്ഷാപ്രവര്‍ത്തനം; ഗുഹയ്ക്കുള്ളില്‍ പ്രളയജലത്തില്‍ ഒരാഴ്ചയായി കുടുങ്ങിയത് ഏഴ് പേര്‍!

Published : May 26, 2026, 03:41 PM IST
Laos Cave

Synopsis

ഗുഹയ്ക്കുള്ളിലെ ഉയര്‍ന്ന ഒരു തട്ടിലാണ് ഗ്രാമീണര്‍ കുടുങ്ങിക്കിടക്കുന്നതെന്ന് കരുതുന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അവര്‍ക്കടുത്ത് എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് 340 മീറ്റര്‍ നീളമുള്ള ഒരു തുരങ്കത്തിലൂടെ സഞ്ചരിക്കണം.

ലാവോസില്‍ സ്വര്‍ണം തിരഞ്ഞ് ഗുഹയിലിറങ്ങിയ ഏഴ് ഗ്രാമീണര്‍ കനത്ത മഴയെത്തുടര്‍ന്ന് ഗുഹക്കുള്ളില്‍ കുടുങ്ങി. ഒരാഴ്ച മുമ്പ് ഗുഹക്കുള്ളില്‍ പെട്ട ഗ്രാമീണര്‍ ഇപ്പോഴും അവിടെത്തന്നെയാണ്. ഇവരെ രക്ഷപ്പെടുത്തുന്നതിനായി വന്‍ സജ്ജീകരണങ്ങളോടെ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് മധ്യ ലാവോസ് പ്രവിശ്യയായ സെയ്സോംബൂനിലെ വലിയ ഗുഹയ്ക്കുള്ളിലേക്ക് സ്വര്‍ണം തിരഞ്ഞ് ഗ്രാമീണര്‍ പോയത്. അതിനിടെ കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായി. അതോടെ, ഗുഹയുടെ പുറത്തേക്കുള്ള വഴി അടഞ്ഞു. തുടര്‍ന്നാണ് ഗ്രാമീണര്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. ലാവോസിലെയും തായ്ലന്‍ഡിലെയും രക്ഷാപ്രവര്‍ത്തകര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 2018-ല്‍ തായ്ലന്‍ഡില്‍ ഒരു ഫുട്‌ബോള്‍ ടീമിനെ ഗുഹയില്‍ നിന്ന് നാടകീയമായി രക്ഷപ്പെടുത്താന്‍ സഹായിച്ച രണ്ട് തായ് ഡൈവര്‍മാരു ഫിന്‍ലാന്‍ഡില്‍നിന്നുള്ള ഒരു വിദഗ്ദ്ധനും അപകടകരമായ ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നു.

വായുസഞ്ചാരം ലഭിക്കുന്ന ഗുഹയ്ക്കുള്ളിലെ ഉയര്‍ന്ന ഒരു തട്ടിലാണ് ഗ്രാമീണര്‍ കുടുങ്ങിക്കിടക്കുന്നതെന്ന് കരുതുന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അവര്‍ക്കടുത്ത് എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് 340 മീറ്റര്‍ നീളമുള്ള ഒരു തുരങ്കത്തിലൂടെ സഞ്ചരിക്കണം. ഈ തുരങ്കത്തിന്റെ ചില ഭാഗങ്ങള്‍ക്ക് 60 സെന്റീമീറ്റര്‍ മാത്രമാണ് വീതി. അതിനാല്‍ ഇവരുടെ അടുത്ത് എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇഴഞ്ഞു നീങ്ങേണ്ടി വരും.

ഒരു തായ് രക്ഷാപ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, ഏതാണ്ട് പൂര്‍ണ്ണമായും വെള്ളം നിറഞ്ഞ ഇരുണ്ട ഗുഹകളില്‍ രക്ഷാപ്രവര്‍ത്തകര്‍ ഇഴഞ്ഞുനീങ്ങുന്നത് കാണാം. തുരങ്കങ്ങളിലേക്ക് പ്രവേശനം എളുപ്പമാക്കുന്നതിനായി വെള്ളം പമ്പ് ചെയ്ത് പുറത്തുകളയാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തകരെ ഗുഹയുടെ താഴത്തെ ഭാഗങ്ങളിലേക്ക് എത്തിക്കാന്‍ പാറകള്‍ക്കിടയിലെ വിടവിലൂടെ കേബിളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗുഹയ്ക്ക് മുകളിലുള്ള മലയില്‍ കണ്ടെത്തിയ നാല് തുരങ്കദ്വാരങ്ങളിലൂടെ ഗ്രാമീണരിലേക്ക് എത്തിച്ചേരാന്‍ വഴികള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി, ഗുഹയ്ക്ക് പുറത്ത് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സമ്പന്നമായ ധാതുനിക്ഷേപങ്ങള്‍ക്കു പേരുകേട്ട, സെയ്സോംബൂന്‍ പ്രവിശ്യയിലെ ലോങ് ടിയാംഗിന് സമീപമുള്ള മലയോര മേഖലയിലാണ് സംഭവം. പുറത്തേക്കുള്ള വഴി അടയുന്നതിന് മുന്‍പ് രക്ഷപ്പെടാന്‍ സാധിച്ച ഒരാളാണ് ഗ്രാമീണര്‍ കുടുങ്ങിക്കിടക്കുന്ന വിവരം അധികൃതരെ അറിയിച്ചത്. അധികൃതരുടെ ഭാഗത്തുനിന്ന് സുരക്ഷാ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും, സ്വര്‍ണ്ണം തിരയുന്നതിനായി ഗ്രാമീണര്‍ സ്ഥിരമായി ഇവിടെ പോവാറുണ്ട്. അങ്ങനെ പോയതാണ് ഇവരും.

2018-ല്‍, കനത്ത മഴയെത്തുടര്‍ന്ന് തുരങ്കങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍, വടക്കന്‍ തായ് പ്രവിശ്യയായ ചിയാങ് റായിലെ ഗുഹയ്ക്കുള്ളില്‍ 12 ആണ്‍കുട്ടികളും ഫുട്‌ബോള്‍ കോച്ചും രണ്ടാഴ്ചയിലധികം കുടുങ്ങിപ്പോയിരുന്നു. ഓസ്ട്രേലിയ, യുകെ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പരിചയസമ്പന്നരായ ഡൈവര്‍മാര്‍ പങ്കെടുത്ത വമ്പിച്ച രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് അന്ന് കുട്ടികളെ പുറത്തെത്തിച്ചത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദേശികൾ കീവ് വിടണമെന്ന് റഷ്യ, യുക്രൈനിലേക്ക് ആക്രമണം ശക്തമാക്കുമെന്ന് മുന്നറിയിപ്പ്
സമാധാന ചർച്ചകൾ വഴിമുട്ടുമോ? സ്വയരക്ഷക്കെന്ന് അമേരിക്കയുടെ വിശദീകരണം; ഇറാനിൽ വീണ്ടും ആക്രമണം നടത്തി