
ദോഹ: യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ദോഹയിൽ പുരോഗമിക്കുന്നതിനിടെ, തെക്കൻ ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളിൽ അമേരിക്കൻ സൈന്യം വീണ്ടും ആക്രമണം നടത്തി. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഈ ആക്രമണം എന്നാണ് യുഎസിൻ്റെ വിശദീകരണം. കടലിൽ മൈനുകൾ വിരിക്കാൻ ശ്രമിച്ച ബോട്ടുകൾക്കും മിസൈൽ ലോഞ്ച് സൈറ്റുകൾക്കും നേരെയാണ് ആക്രമണം നടത്തിയതെന്നും യുഎസ് പറഞ്ഞു. മൂന്ന് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാന്റെ വിദേശകാര്യ മന്ത്രി, ഖത്തർ പ്രധാനമന്ത്രിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ ആക്രമണം.
ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, അതിവേഗം ഒരു സമാധാന ഉടമ്പടി ഉണ്ടാകാനുള്ള സാധ്യത അമേരിക്കയും ഇറാനും ഒരേപോലെ തള്ളി. അതിനിടെ മൂന്ന് മാസത്തിന് ശേഷം ഇറാനിൽ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനമായി. മൂന്ന് മാസമായി രാജ്യത്ത് നിലനിന്നിരുന്ന കടുത്ത ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നീക്കാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ഉത്തരവിട്ടു. ജനുവരിക്ക് മുൻപുണ്ടായിരുന്നതുപോലെ അന്താരാഷ്ട്ര ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് നിർദ്ദേശം. ഇന്റർനെറ്റ് പുനഃസ്ഥാപിക്കണമെന്ന് വാർത്താവിനിമയ മന്ത്രാലയത്തിന് പ്രസിഡന്റ് നിർദ്ദേശം നൽകി. പിന്നാലെ രാജ്യത്ത് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള പ്രക്രിയകൾ ആരംഭിച്ചതായി ഐസിടി മന്ത്രി സത്താർ ഹാഷിമി വ്യക്തമാക്കി.
നിയന്ത്രണം നീക്കുന്നതിനെ ആദ്യം എതിർത്തിരുന്ന ഐആർജിസിയും ഇറാൻ അനുകൂല മാധ്യമങ്ങളും ഇപ്പോൾ ഇന്റർനെറ്റ് പുനഃസ്ഥാപിക്കുന്ന നീക്കത്തെ പിന്തുണയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം നയതന്ത്ര ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും സൈനിക നീക്കങ്ങൾ തുടരുന്നത് സംഘർഷം ഇനിയും നീളാൻ കാരണമായേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam