
ന്യൂഡൽഹി/ധാക്ക: ഇന്ത്യയിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി. പശ്ചിമബംഗാൾ, ത്രിപുര അതിർത്തികളിലാണ് സുരക്ഷ ശക്തമാക്കിയത്. ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷാസേനയുടെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
ഡിസംബർ 16-ന് ഷെയ്ഖ് ഹസീന ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലേക്ക് തിരികെപോകുമെന്നാണ് റിപ്പോർട്ട്. റോഡ് മാർഗമായിരിക്കും ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് പോവുകയെന്നും റിപ്പോർട്ടുകളിലുണ്ട്. ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏഴ് ജില്ലകളിലാണ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ബോർഡർ ഗാർഡ് ബംഗ്ലാദേശിന്റെ(ബിജിബി) 120 പ്ലാറ്റൂൺ ഏഴ് ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. ഇതിൽ 56 പ്ലാറ്റൂണും ഹസീനയുടെ സ്വദേശമായ ഗോപാൽഗഞ്ച് ജില്ലയിലാണ്. സാവാർ, അശുലിയ, ധാക്ക, ഗാസിപുർ, നാരായൺഗഞ്ച്, ബാലൂക്ക, മൈമൻസിങ്, ചറ്റോഗ്രാം, കോക്സ് ബസാർ എന്നിവിടങ്ങളിലും സേനാവിന്യാസമുണ്ട്.
ഷെയ്ഖ് ഹസീന തിരികെവരുന്നത് പ്രഖ്യാപിച്ചതോടെ ബംഗ്ലാദേശിലെ വിവിധഭാഗങ്ങളിൽ അവാമി ലീഗ് പ്രവർത്തകരും ഭരണകക്ഷിയായ ബംഗ്ലാദേശി നാഷണിലിസ്റ്റ് പാർട്ടി(ബിഎൻപി) പ്രവർത്തകരും തമ്മിൽ സംഘർഷങ്ങൾ തുടരുകയാണ്. രാജ്യത്തെ വിവിധഭാഗങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ ബോംബ് ആക്രമണങ്ങളും തീവെപ്പും സംഘർഷങ്ങളും അരങ്ങേറി. അതേസമയം, ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പ്രവർത്തകരാണ് അക്രമസംഭവങ്ങൾക്ക് പിന്നിലെന്ന് ബംഗ്ലാദേശ് ഭരണകൂടം ആരോപിച്ചു. അവാമി ലീഗ് നേതാക്കൾ വിദേശത്തിരുന്ന് രാജ്യത്ത് ആക്രമണങ്ങൾ നടത്താൻ പ്രോത്സാഹിപ്പിക്കുകയാണെന്നും സർക്കാർ കുറ്റപ്പെടുത്തി.
ബംഗ്ലാദേശ് വിജയദിനമായി ആചരിക്കുന്ന ഡിസംബർ 16-ന് രാജ്യത്തേക്ക് മടങ്ങുമെന്നാണ് ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനം. അതേസമയം, ഷെയ്ഖ് ഹസീന രാജ്യത്ത് എത്തിയാലുടൻ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ നിലപാട്. ഷെയ്ഖ് ഹസീന കുറ്റവാളിയാണെന്നും പിടികിട്ടാപ്പുള്ളിയായ ഭീകരവാദിയാണെന്നും അതിനാൽ കുറ്റവാളികളെ കൈമാറുന്ന നടപടിക്രമത്തിലൂടെ മാത്രമേ അവർക്ക് രാജ്യത്തേക്ക് തിരിച്ചെത്താൻ കഴിയൂ എന്നുമായിരുന്നു ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഹുമയൂൺ കബീർ കഴിഞ്ഞദിവസം പ്രതികരിച്ചത്. കൈവിലങ്ങ് അണിഞ്ഞ് കർശന നിരീക്ഷണത്തിലായിരിക്കണം ഹസീനയെ രാജ്യത്തേക്ക് കൊണ്ടുവരേണ്ടതെന്നും മന്ത്രി പറഞ്ഞിരുന്നു. അതിനിടെ, ഇന്ത്യയിൽനിന്ന് മടങ്ങാനായി ബംഗ്ലാദേശിന്റെ ദേശീയ വിമാന കമ്പനിയായ ബിമൻ എയർലൈൻസിന്റെ വിമാനം അനുവദിക്കണമെന്ന ഷെയ്ഖ് ഹസീനയുടെ അഭ്യർഥന ബംഗ്ലാദേശ് സർക്കാർ തള്ളിയിരുന്നു.
2024-ൽ രാജ്യത്തുണ്ടായ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെയാണ് 15 വർഷത്തെ ഭരണത്തിന് ശേഷം ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടിവന്നത്. അന്നുമുതൽ ഷെയ്ഖ് ഹസീന ഇന്ത്യയിലാണ് കഴിയുന്നത്. 2025 നവംബറിൽ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കിടെ നിരവധിപേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി ഷെയ്ഖ് ഹസീനയ്ക്ക് ബംഗ്ലാദേശിലെ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ ഹസീന നിഷേധിച്ചു. അതിനിടെ, കുറ്റവാളികളെ കൈമാറുന്ന നടപടിക്രമങ്ങൾ അനുസരിച്ച് ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശും ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശിന്റെ അഭ്യർഥനയും ഇതിന്റെ നിയമവശങ്ങളും പരിശോധിച്ചുവരികയാണെന്നായിരുന്നു ഇന്ത്യൻ സർക്കാരിന്റെ മറുപടി. ഇതിനിടെയാണ് താൻ ബംഗ്ലാദേശിലേക്ക് മടങ്ങുന്നതായി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam