നടുക്കുന്ന ദൃശ്യം പുറത്ത്: വിമാനം റൺവേയിലേക്ക് പറന്നിറങ്ങുന്നതിനിടെ വിമാനത്താവളം അടങ്ങിയ പ്രദേശത്ത് ഭൂചലനം

Published : Nov 29, 2026, 07:51 AM IST
Delta Airline

Synopsis

സൗത്ത് കാലിഫോർണിയയിലുണ്ടായ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിൽ ഡെൽറ്റ വിമാനം ലാൻഡിംഗ് ഉപേക്ഷിച്ചു. എയർ ട്രാഫിക് കൺട്രോളിന്റെ നിർദ്ദേശപ്രകാരം ആകാശത്ത് തുടർന്ന വിമാനം പിന്നീട് സുരക്ഷിതമായി ലാൻഡ് ചെയ്തു. വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

സൗത്ത് കാലിഫോർണിയ: ഭൂചലനത്തെത്തുടർന്ന് ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡെൽറ്റ എയർ ലൈൻസ് വിമാനം ലാൻഡിംഗ് ഉപേക്ഷിച്ചു. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ട സാഹചര്യത്തിൽ, വിമാനം ആകാശത്ത് തുടരാൻ എയർ ട്രാഫിക് കൺട്രോൾ നിർദ്ദേശിക്കുകയായിരുന്നു. വലിയ നാശനഷ്ടങ്ങളോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

റൺവേയിലേക്ക് അടുക്കുന്നതിനിടെ എയർ ട്രാഫിക് കൺട്രോളറും പൈലറ്റുമാരും തമ്മിലുള്ള സംഭാഷണം LAX-ലെ ലൈവ് സ്ട്രീം വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ഭൂചലനം ഉണ്ടായപ്പോൾ ക്യാമറ കുലുങ്ങുന്നതും പശ്ചാത്തലത്തിൽ കാറുകളുടെ അലാറം മുഴങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. "ഡെൽറ്റ 1972, ഗോ എറൗണ്ട്. നമുക്കിവിടെ വലിയൊരു ഭൂചലനം ഉണ്ടായിട്ടുണ്ട്" - എയർ ട്രാഫിക് കൺട്രോളർ പൈലറ്റുമാർക്ക് നിർദ്ദേശം നൽകി. ലാൻ്റ് ചെയ്യാനൊരുങ്ങിയ ഡെൽറ്റ ഫ്ലൈറ്റ് 1972 ഇതോടെ ലാൻഡിംഗ് ഉപേക്ഷിച്ച് ഉയർന്നുപൊങ്ങി. പിന്നീട് ഒരു മണിക്കൂറും 13 മിനിറ്റും വൈകിയാണ് വിമാനം ലാൻ്റ് ചെയ്തത്.

പസഫിക് സമയം രാവിലെ ഏകദേശം 9.30-നാണ് ഭൂചലനമുണ്ടായത്. മാൻഹട്ടൻ ബീച്ചിന് ഏകദേശം 5 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സാന്താ മോണിക്ക ഉൾക്കടലിന് താഴെയാണ് പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഏകദേശം 12 മുതൽ 13 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം. വിമാനത്താവളത്തിന്റെ ഒരു ടെർമിനലിനുള്ളിൽ സീലിംഗ് ടൈലുകൾ വീണതായി റിപ്പോർട്ടുകളുണ്ട്. സീലിംഗ് ഫിക്സ്ചറുകളും മറ്റും കുലുങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സാധ്യമായ ആഘാതങ്ങൾ വിലയിരുത്തുന്നതിനായി ലോസ് ഏഞ്ചൽസ് ഫയർ ഡിപ്പാർട്ട്മെന്റ് 106 ഫയർ സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥരെ വിന്യസിച്ചു. പ്രാഥമികമായി ഘടനാപരമായ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് എൽഎഎഫ്‌ഡി വക്താവ് ലിൻഡ്സി ലാൻട്സ് അറിയിച്ചു.

തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്. പ്രാദേശിക ഉദ്യോഗസ്ഥരുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്ന് കാലിഫോർണിയ ഗവർണറുടെ ഓഫീസ് ഓഫ് എമർജൻസി സർവീസസ് അറിയിച്ചു. ഇപ്പോഴത്തെ ഭൂചലനത്തിൽ സുനാമി ഭീഷണിയോ അപായമോ ഇല്ലെന്ന് യു.എസ് നാഷണൽ സുനാമി വാണിംഗ് സെന്റർ വ്യക്തമാക്കി. LAX-ന് സമീപമുള്ള ഷെവ്റോണിന്റെ എൽ സെഗുണ്ടോ റിഫൈനറിയിൽ നിന്ന് തീജ്വാല ഉയർന്നത് ആശങ്കയ്ക്കിടയാക്കി. എന്നാൽ പ്രവർത്തന തടസ്സങ്ങൾക്കിടെ അധിക വാതകം നിയന്ത്രിതമായി കത്തിച്ചുകളയുന്ന "സേഫ്റ്റി ഫ്ലെയറിംഗ്" പ്രക്രിയയാണ് നടന്നതെന്നും ഇത് ഭൂചലനം മൂലമല്ലെന്നും എൽ സെഗുണ്ടോ സിറ്റി അധികൃതർ സ്ഥിരീകരിച്ചു. തുടർന്നുള്ള 45 മിനിറ്റിനുള്ളിൽ തീരപ്രദേശത്ത് 3.7 തീവ്രത രേഖപ്പെടുത്തിയ ചലനം ഉൾപ്പെടെ കുറഞ്ഞത് 19 തുടർചലനങ്ങൾ ഉണ്ടായതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാനിൽ വീണ്ടും ക്രൂരത; പ്രസവത്തിന് പിന്നാലെ 14-കാരി ഭർത്താവിന്റെ മർദനമേറ്റ് കൊല്ലപ്പെട്ടു; കൊലപ്പെടുത്തിയത് സ്വന്തം വീട്ടിൽ പോകാൻ അനുവാദം ചോദിച്ചതിന്
സൗദി ദക്ഷിണ മേഖലയ്ക്ക് നേരെ ഹൂതി ഡ്രോൺ ആക്രമണ ശ്രമം; യമനിൽ 50 സൈനിക കേന്ദ്രങ്ങൾ തകർത്ത് സഖ്യസേന