പാർലമെന്റിൽ കള്ളം പറഞ്ഞു; സിംഗപ്പൂരിൽ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയേക്കും

Published : Feb 17, 2025, 02:36 PM IST
പാർലമെന്റിൽ കള്ളം പറഞ്ഞു; സിംഗപ്പൂരിൽ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയേക്കും

Synopsis

ഒരു വർഷത്തിന് മുകളിൽ ജയിൽ ശിക്ഷയോ നിശ്ചിത തുകയ്ക്ക് മുകളിൽ പിഴയോ ലഭിക്കുകയാണെങ്കിൽ പ്രിതം സിങിന് വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല.

സിംഗപ്പൂർ: സിംഗപ്പൂരിലെ പ്രതിപക്ഷ നേതാവും ഇന്ത്യൻ വംശജനുമായ പ്രിതം സിങ് പാർലമെന്റിൽ കളവ് പറഞ്ഞ കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധി. കേസിൽ ഉടൻ തന്നെ കോടതി ശിക്ഷ വിധിക്കും. ഒരു വർഷത്തിന് മുകളിൽ ജയിൽ ശിക്ഷയോ നിശ്ചിത തുകയ്ക്ക് മുകളിൽ പിഴയോ ലഭിക്കുകയാണെങ്കിൽ പ്രിതം സിങിന് വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല.

സിംഗപ്പൂരിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ വർക്കേഴ്സ് പാർട്ടിയുടെ അധ്യക്ഷനാണ് പ്രിതം സിങ്. ഒരു പാർലമെന്ററി കമ്മിറ്റിയുടെ തെളിവെടുപ്പിനിടെ കളവ് പറഞ്ഞതിന് രണ്ട് കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ കോടതി ചുമത്തിയതും വിചാരണ പൂർത്തിയാക്കിയതും. 48കാരനായ പ്രിതം സിങ് കേസുകളിൽ കുറ്റക്കാരനാണെന്ന് ഡെപ്യൂട്ടി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജ‍ഡ്ജ് ലൂക് ടാൻ വിധിച്ചു. 

2021ൽ വർക്കേഴസ് പാർട്ടിയുടെ മുൻ എംപി റഈസ ഖാൻ നടത്തിയ ഒരു തെറ്റായ പ്രസ്താവനയിന്മേൽ പാർലമെന്റിന്റെ പ്രിവിലേജസ് കമ്മിറ്റി തെളിവെടുപ്പ് നടത്തിയിരുന്നു. ഈ വിചാരണയ്ക്കിടെ എംപിയ്ക്ക് അനുകൂലമായി പ്രിതം സിങ് കളവ് പറഞ്ഞുവെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ പ്രിതം സിങ് തന്റെ പദവി ദുരുപയോഗം ചെയ്തെന്നും കോടതി നിരീക്ഷിച്ചു.

പ്രതിപക്ഷ നേതാവ് കളവ് പറഞ്ഞുവെന്നതിന് നിരവധി തെളിവുകളും സാക്ഷി മൊഴികളുമുണ്ടെന്ന് ജഡ്ജി വിധിന്യായത്തിൽ വിശദീകരിക്കുന്നു. 2021 ഓഗസ്റ്റ് മൂന്നാം തീയ്യതി റഈസ ഖാൻ പാർലമെന്റിൽ നടത്തിയ ഒരു പ്രസംഗമാണ് സംഭവങ്ങൾക്കെല്ലാം തുടക്കം. ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയോടൊപ്പം താൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ അനുകമ്പയോടെയുള്ള സമീപനമല്ല അവിടെ നിന്ന് ഉണ്ടായതെന്ന് റഈസ ഖാൻ ആരോപിച്ചിരുന്നു. എന്നാൽ വലിയ വിവാദമുണ്ടായതിന് ശേഷം താൻ പറഞ്ഞത്  അസത്യമാണെന്ന് സമ്മതിച്ച ഇവർ 2021 നവംബറിൽ രാജിവെച്ചു. 

ഈ പ്രസ്താവനയിന്മേൽ പാർലമെന്ററിന്റെ പ്രവിലേജസ് കമ്മിറ്റി 2021 ഡിസംബർ 10നും 15നും നടത്തിയ തെളിവെടുപ്പുകളിൽ പ്രിതം സിങ് കളവ് പറഞ്ഞുവെന്നാണ് ഇപ്പോൾ കണ്ടെത്തിയത്. തെറ്റായ പ്രസ്താവന തിരുത്താൻ എംപിയോട് നിർദേശിക്കുന്നതിന് പകരം കൂടുതൽ സമ്മർദമുണ്ടായില്ലെങ്കിൽ പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കാൻ ഇയാൾ ഉപദേശിച്ചുവത്രെ. 

കേസിൽ വരും ദിവസങ്ങളിൽ കോടതി ശിക്ഷ വിധിക്കും. സിംഗപ്പൂരിലെ നിയമമനുസരിച്ച് 10,000 സിംഗപ്പൂർ ഡോളർ പിഴയോ ഒരു വർഷമെങ്കിലും തടവോ ശിക്ഷ വിധിക്കപ്പെടുന്നവർ പിന്നീട് എംപി സ്ഥാനത്തിരിക്കാനോ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ യോഗ്യരല്ല. പ്രിതം സിങിനെതിരെ തെളിഞ്ഞ കുറ്റത്തിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നാണ് റിപ്പോർട്ട്. വരുന്ന നവംബറിൽ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ
ഏഷ്യൻ ശക്തികളുടെ ബന്ധം വഷളാകുന്നു; തങ്ങളുടെ വിമാനങ്ങള്‍ക്കുനേരെ ചൈന അപകടകരമായ രീതിയില്‍ റഡാര്‍ പ്രയോഗിച്ചെന്ന് ജപ്പാന്‍