
സിംഗപ്പൂര്‍: സിംഗപ്പൂരിലെ വ്യാപാര സ്ഥാപന ഉടമയായ യുവതി മരിച്ച നിലയിൽ. സിംഗപ്പൂരിൽ സുമോ സലാഡ് എന്ന പേരിൽ സലാഡ് ഷോപ്പ് നടത്തിവന്നിരുന്ന ജാനെ ലീ എന്ന യുവതിയാണ് മരിച്ചത്. അസ്വഭാവിക മരണത്തിന് കേസെടുത്ത സിംഗപ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ജാനെ ലീയുടെ കടയിലെ ഇന്ത്യക്കാരിയായ ജീവനക്കാരിക്കെതിരെ ഫേസ്ബുക്കിൽ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് മരണം. സിംഗപ്പൂരിലെ ഹോല്ലാന്‍ഡ് ഗ്രാമത്തിലാണ് സുമോ സലാഡ് എന്ന പേരിൽ ജാനെ ലീ കട നടത്തിയിരന്നത്. ജാനെ ലീയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് സിംഗപ്പൂരിലെ വ്യാപാര സമൂഹത്തിന്‍റെ ആരോപണം.
മരണത്തിന് ഒരു ദിവസം മുമ്പാണ് ജീവനക്കാരിക്കെതിരെ ലീ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കടയിലെ മാലിന്യം കളയാനായി എസ്കലേറ്ററിൽ പോകുന്നതിനിടെ തെന്നി വീണ് ഗുരുതരമായി പരിക്കേറ്റെന്ന് ആരോപിച്ച് ഇന്ത്യയിൽ നിന്നുള്ള കിരണ്‍ജീത്ത് കൗര്‍ എന്ന യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നുവെന്നാണ് ലീയുടെ പരാതി. കടയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ അപകടത്തിൽ പെട്ടാൽ ലഭിക്കുന്ന നഷ്ടപരിഹാരത്തിനുവേണ്ടി മനപ്പൂര്‍വം പരിക്കേറ്റതായി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് ലീയുടെ ആരോപണം.
തെന്നി വീണ് പരിക്കേറ്റെന്ന വാദം വ്യാജമാണെന്നും യുവതിക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും പണത്തിനുവേണ്ടി വഞ്ചിക്കുകയായിരുന്നുവെന്നുമാണ് ലീയുടെ പരാതി. യുവതിയുടെ കരാര്‍ തീരാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇത്തരമൊരു അപകടമുണ്ടായതി അവകാശപ്പെട്ട് നഷ്ടപരിഹാരം തേടിയെത്തിയതെന്നും ലീ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
കിരണ്‍ജീത്ത് കൗറും ഭര്‍ത്താവ് മാമുവും ചേര്‍ന്ന് നേരത്തെയും കബളിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും പരിക്കേറ്റെന്ന് പറയുന്ന കിരണ്‍ജീത്ത് കൗര്‍ യാതൊരു കുഴപ്പവുമില്ലാതെ നടക്കുന്നതും ജോലി ചെയ്യുന്നതും കണ്ടിട്ടുണ്ടെന്നും ലീ കുറിപ്പിൽ പറയുന്നുണ്ട്. മറ്റുള്ളവരുടെ മുന്നിൽ പരിക്കേറ്റതായി അഭിനയിക്കുകയായിരുന്നുവെന്നും ലീ ആരോപിച്ചു.
പണത്തിനുവേണ്ടി ഇത്തരത്തിൽ ആളുകള്‍ പറ്റിക്കാൻ ശ്രമിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ സിംഗപ്പൂര്‍ മാനവവിഭവശേഷി മന്ത്രാലയം നടപടിയെടുക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ ലീ ആവശ്യപ്പെട്ടിരുന്നു. ലീയുടെ തുറന്നുപറച്ചിൽ സിംഗപ്പൂരിലെ വ്യാപാര സമൂഹത്തിൽ ചര്‍ച്ചയായതിനിടെയാണ് അപ്രതീക്ഷിത മരണം. ലീയുടെ മരണത്തിന്‍റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.