മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസിന്‍റെ കൊലപാതകം ; 15 മാസത്തിന് ശേഷം വളര്‍ത്തമ്മയ്ക്ക് മോചനം

By Web TeamFirst Published Mar 2, 2019, 10:46 AM IST
Highlights

ഷെറിനെ വീട്ടില്‍ തനിച്ചാക്കി പോയി അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നതായിരുന്നു സിനിക്കെതിരെ ചുമത്തിയ കുറ്റം.

വാഷിംഗ്ടന്‍: അമേരിക്കയിൽ മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ട കേസിൽ വളർത്തമ്മ സിനി മാത്യൂസിനെ പതിനഞ്ച് മാസത്തിന് ശേഷം ജയിലിൽ നിന്ന് മോചിപ്പിച്ചു. തെളിവുകൾ ഇല്ലെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു . എന്നാല്‍ സിനിയുടെ ഭര്‍ത്താവ് വെസ്‍ലി മാത്യൂസ് വിചാരണ നേരിടണം. ഇയാളുടെ വിചാരണ അടുത്തമാസം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വെസ്‍ലി മാത്യൂസിനെതിരെ ചുമത്തിയിരിക്കുന്നത് കൊലകുറ്റമാണ്.

മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടത് 2017 ഒക്ടോബറിലാണ്. തുടര്‍ന്ന് മാതാപിതാക്കളായ വെസ്‍ലി മാത്യുസിനേയും സിനിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഷെറിനെ വീട്ടില്‍ തനിച്ചാക്കി പോയി അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നതായിരുന്നു സിനിക്കെതിരെ ചുമത്തിയ കുറ്റം. എന്നാല്‍ സിനിക്കെതിരെ കുറ്റം തെളിയിക്കാന്‍ വേണ്ട തെളിവുകള്‍ ഇല്ലെന്ന് കോടതിയെ അറിയിച്ച പ്രോസിക്യൂഷന്‍ സിനിയെ വിട്ടയക്കണമെന്നും അപേക്ഷിച്ചു.

അടുത്തമാസം സിനിയുടെ കേസില്‍ ഡാലസില്‍ കോടതി വിചാരണ തുടങ്ങേണ്ടതായിരുന്നു, ഇതിനിടെയാണ്   പ്രോസിക്യൂഷന്‍റെ അപ്രതീക്ഷിത നീക്കം. കോടതി ശിക്ഷിച്ചിരുന്നെങ്കില്‍ 20 വര്‍ഷം വരെ തടവ് ലഭിക്കേണ്ട കുറ്റമാണ് സിനിക്കെതിരെ ചുമത്തിയിരുന്നത്.   ജയിലില്‍ നിന്ന് പുറത്തുവന്ന സിനി മാധ്യമങ്ങളോട് സംസാരിച്ചെങ്കിലും കേസിനെക്കുറിച്ച് സംസാരിക്കാന്‍ വിസമ്മതിച്ചു. 

click me!