
ദില്ലി: ഒമാൻ തീരത്ത് വെച്ച് എംടി ജൽവീർ എന്ന ചരക്കുകപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടുത്തമുണ്ടായതായും കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഗിനിയ ബിസൗ രാജ്യത്തിന്റെ പതാക ഘടിപ്പിച്ച 'എംടി ജൽവീർ' എന്ന ബിറ്റുമിൻ/അസ്ഫാൽറ്റ് ടാങ്കർ കപ്പലിലാണ് അപകടമുണ്ടായത്. കപ്പലിന്റെ എഞ്ചിൻ റൂമിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്നാണ് പുക ഉയർന്നതെന്നാണ് വിവരം.
ഒമാനിലെ തുറമുഖ നഗരമായ സൊഹാറിന് 21 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി ഒരു ടാങ്കർ കപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടിച്ചതായി ബ്രിട്ടീഷ് മാരിടൈം സർവൈലൻസ് ഏജൻസിയായ യുകെഎംടിഒ റിപ്പോർട്ട് ചെയ്തിരുന്നു. അപകടം മൂലം എണ്ണച്ചോർച്ചയോ മറ്റ് നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മസ്‌കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.
പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ ആഴ്ച ഒമാൻ തീരത്തുണ്ടാകുന്ന മൂന്നാമത്തെ കപ്പൽ അപകടമാണിത്. ഇതിന് മുൻപുണ്ടായ മറ്റൊരു വിദേശ കപ്പൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഗൾഫ് മേഖലയിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ഇന്ത്യ ശക്തമായ ആശങ്ക രേഖപ്പെടുത്തുകയും ഐക്യരാഷ്ട്രസഭയിൽ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam