
ബ്രസീലിലെ വില്ലാ ഇർമാ ഡൂൾസ് എന്ന സ്ഥലത്താണ് സംഭവം. പ്രദേശത്തെ ഒരു വീട്ടിൽ വൻതോതിൽ മരിജുവാന ശേഖരമുണ്ട് എന്ന മുന്നറിയിപ്പ് കിട്ടിയിട്ടാണ് പോലീസ് അവിടം റെയ്‌ഡുചെയ്യാൻ എത്തുന്നത്. എന്നാൽ പോലീസിനെ കണ്ടതും ആ വീട്ടിന്റെ മുറ്റത്ത് തൂക്കിയിട്ടിരുന്ന കൂട്ടിൽ നിന്നും ഈ തത്ത, " മമ്മാ.. പൊലീസ്...മമ്മാ.. പൊലീസ്..." എന്ന് വിളിച്ചു കൂവുകയായിരുന്നു. അതുകേട്ട് ആ വീട്ടിൽ മയക്കുമരുന്ന് ശേഖരിച്ചു സൂക്ഷിച്ചിരുന്ന ഒരു പുരുഷനെയും അയാളുടെ ടീനേജുകാരിയായ മകളെയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുത്തു എന്ന് ബ്രസീലിലെ R7 ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
ബ്രസീലിലെ മയക്കുമരുന്നു കള്ളക്കടത്തുകാർക്കിടയിൽ ഇങ്ങനെ തത്തകളെയും മറ്റും പോലീസ് വരുന്ന വിവരത്തിന് മുന്നറിയിപ്പ് നൽകാൻ പരിശീലനം നൽകി വളർത്തുന്നത് പതിവാണത്രേ. ഇത് ആദ്യമായല്ല ഇത്തരത്തിൽ ഒരു 'ഇൻഫോർമർ' തത്ത പിടിയിലാവുന്നത്.
ഔദ്യോഗിക കൃത്യനിർവഹണത്തിന് പ്രതിബന്ധം സൃഷ്ടിക്കാൻ ശ്രമിച്ച കുറ്റത്തിന്, സ്റ്റേഷനിലെ ലോക്കപ്പുമുറിയിൽ ഒരു കൂട്ടിനുള്ളിലാണ് ഇപ്പോൾ തത്തയുള്ളത്. താമസിയാതെ അടുത്തുള്ള മൃഗശാലയിലെ അധികൃതർക്ക് കൈമാറുമത്രേ.
എന്തായാലും, പൊലീസ് പിടിയിലായതിൽ പിന്നെ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല ആ തത്ത..!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam