'ഒച്ചി'ല്‍ തട്ടി വേഗം നിലച്ച് ജപ്പാനിലെ ട്രയിനുകള്‍

By Web TeamFirst Published Jun 23, 2019, 6:07 PM IST
Highlights

കമ്പ്യൂട്ടര്‍ ശൃംഖലയില്‍ വൈറസ് ബാധയോ, യന്ത്ര തകരാറുകളോ ആയിരുന്നില്ല വൈദ്യുതി തകരാറിന് കാരണം. ആഴ്ചകളോളം അന്വേഷണം നടത്തിയ ശേഷമാണ് പ്രതികളെ കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചത്. 


ടോക്കിയോ: ജപ്പാനിലെ ഗതാഗത സംവിധാനങ്ങള്‍ ഒച്ചില്‍ തട്ടി നില്‍ക്കുന്നു. വേഗമേറിയ ട്രയിന്‍ സര്‍വ്വീസുകള്‍ ആരംഭിച്ച് ലോകത്തെ ഞെട്ടിച്ച ജപ്പാന് പക്ഷേ വേഗം കുറഞ്ഞ ജീവി വര്‍ഗ്ഗമായ ഒച്ചില്‍ തട്ടി യാത്ര നിലച്ചമട്ടാണ്. കഴിഞ്ഞ മേയ് 30 ന് ജപ്പാനിലെ ജെആര്‍ കഗോഷിമ ലൈനിലാണ് സംഭവം. 

വൈദ്യുതി തകരാറ് മൂലം ഒറ്റ മണിക്കൂര്‍  ജപ്പാന് നിര്‍ത്തിവയ്ക്കേണ്ടി വന്നത് 26 ട്രയിനുകള്‍. ഏതാണ്ട് 12,000 ത്തിന് മുകളില്‍ ജനങ്ങള്‍ക്ക് ഇതുമൂലം യാത്രാ ദുരിതം നേരിടേണ്ടിവന്നതായാണ് കണക്കുകള്‍. എന്നാല്‍, വൈദ്യുതി തകരാറിന്‍റെ ഉറവിടം തേടി പോയ കമ്പനി അധികൃതരാണ് ശരിക്കും വലഞ്ഞത്. 

കമ്പ്യൂട്ടര്‍ ശൃംഖലയില്‍ വൈറസ് ബാധയോ യന്ത്ര തകരാറുകളോ ആയിരുന്നില്ല വൈദ്യുതി തകരാറിന് കാരണം. ആഴ്ചകളോളം അന്വേഷണം നടത്തിയ ശേഷമാണ് പ്രതികളെ കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചത്.  റെയില്‍വേ ട്രാക്കിന് സമീപം സ്ഥാപിച്ച ഇലക്ട്രിക്കല്‍ പവര്‍ സംവിധാനത്തിലെ തകരാറാണ് ഷോട്ട് സര്‍ക്യൂട്ടിന് കാരണമെന്ന് കണ്ടെത്തി. 

തുടര്‍ന്ന് ഷോട്ട് സര്‍ക്യൂട്ടിന് കാരണമന്വേഷിച്ചപ്പോഴാണ് അധികൃതര്‍ ഞെട്ടിയത്. ട്രയിനിന് വൈദ്യുതി നല്‍കുന്ന കണ്‍ട്രോള്‍ ബോക്സില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു തരം ചെറിയ ഒച്ചായിരുന്നു വില്ലന്‍. ഒച്ച് വന്നിരുന്നത് കാരണമാണ് വൈദ്യുതി ബന്ധത്തില്‍ ഷോട്ട് സര്‍ക്യൂട്ട് ഉണ്ടായത്. ഇതുകാരണമായിരുന്നു ട്രയിനുകള്‍ റദ്ദാക്കേണ്ടിവന്നത്. നിരവധി ട്രയിനുകള്‍ റദ്ദാക്കേണ്ടി വന്നതോടെ വ്യാപക പരാതിയാണ് യാത്രക്കാരില്‍ നിന്ന് ഉണ്ടായതെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

click me!