ഇറാഖ് - സിറിയൻ വ്യോമാതിർത്തി കടന്ന ശേഷമാണ് മിസൈലിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം. തുർക്കിക്ക് നേരെയുള്ള ഏതൊരു നടപടിക്കെതിരെയും പ്രതികരിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അങ്കാറ: ഇറാനിൽ നിന്ന് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ തുർക്കിയുടെ ആകാശപാത ലക്ഷ്യമാക്കി എത്തിയതായി തുർക്കി പ്രതിരോധ മന്ത്രാലയം. കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ വച്ച് നാറ്റോയുടെ വ്യോമ, മിസൈൽ പ്രതിരോധ സംവിധാനം ആക്രമണ ശ്രമം തകർത്തെന്നും തുർക്കി അറിയിച്ചു. ഇറാഖ് - സിറിയൻ വ്യോമാതിർത്തി കടന്ന ശേഷമാണ് മിസൈലിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആളപായമോ ആർക്കെങ്കിലും പരിക്കേൽക്കുന്ന സാഹചര്യമോ ഉണ്ടായിട്ടില്ല. തുർക്കിക്ക് നേരെയുള്ള ഏതൊരു നടപടിക്കെതിരെയും പ്രതികരിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം സംഘർഷം രൂക്ഷമാക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന ആഹ്വാനവും തുർക്കി നടത്തി. നാറ്റോ അംഗമായ തുർക്കി ഇറാനുമായി 500 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. ആഴ്ചകളോ അതിൽ കൂടുതലോ നീണ്ടുനിൽക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രവചിച്ച യുദ്ധം ആരംഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ഇറാനിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടു.
അസ്ഥിരത മേഖലയ്ക്ക് താങ്ങാനാവില്ലെന്ന് തുർക്കിയുടെ മുന്നറിയിപ്പ്
ശനിയാഴ്ച അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിലാണ് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങൾ ഇറാൻ ആക്രമിച്ചു. അതിനിടെ ലെബനനിലെ ഹിസ്ബുള്ള ഇറാനുമായി കൈ കോർത്ത് ഇസ്രയേലിനെതിരെ ആക്രമണം നടത്തി. അതേസമയം ആദ്യമായാണ് ഇറാൻ തുർക്കിക്കെതിരെ തിരിഞ്ഞത്. തുർക്കിയിലെ റജബ് തയ്യിബ് എർദോഗൻ അടക്കമുള്ള നേതാക്കൾ ഖമനെയി കൊല്ലപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തിയിരുന്നു. ഇറാനും യുഎസും കരാറിൽ എത്തണമെന്ന നിലപാടാണ് തുർക്കി സ്വീകരിച്ചിരുന്നത്. മേഖലയ്ക്ക് ഇനിയൊരു അസ്ഥിരത താങ്ങാനാവില്ലെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. ഇറാനെതിരായ ആക്രമണങ്ങൾ സൈനിക ശേഷി കുറയ്ക്കുന്നതിലേക്ക് പരിമിതപ്പെടുത്തണമെന്ന് തുർക്കി വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. ഭരണകൂട മാറ്റം നിർബന്ധിക്കുന്നത് മേഖലയ്ക്ക് അപകടകരമാകും എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
അതിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാന്‍റെ യുദ്ധകപ്പൽ യുഎസ് ആണവ അന്തർവാഹിനി തകർത്തു. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന യുദ്ധക്കപ്പൽ ഐറിസ് ദേനയാണ് അന്തർവാഹിനി ആക്രമണത്തിൽ തകർന്നത്. കപ്പൽ ആക്രമിച്ചത് തങ്ങളാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു. 1945ൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ആദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കുന്നത്. ഇറാന്‍റെ നാവികസേനയിലെ പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളിലൊന്നായിരുന്നു ഐറിസ് ദേന.


