സാമൂഹിക മാധ്യമ നിരോധനം; നേപ്പാളിൽ ആളിക്കത്തിയ ജെൻ സി പ്രക്ഷോഭം അന്വേഷിക്കാൻ പ്രത്യേക സമിതി, 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

Published : Sep 09, 2025, 06:07 AM IST
nepal protest

Synopsis

സാമൂഹ്യമാധ്യമങ്ങളിലെ വിലക്കിനെ തുടർന്നുണ്ടായ ജെൻ സി കലാപത്തെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് നേപ്പാൾ

കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്നുണ്ടായ ജെൻ സി പ്രക്ഷോഭത്തിൽ അന്വേഷണം പ്രഖ്യാപിച്ച് നേപ്പാൾ സർക്കാർ. കലാപത്തെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. ഈ സമിതിയോട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. യുവാക്കൾ പ്രക്ഷോഭത്തിൽ നിന്ന് പിന്മാറണമെന്ന് വാർത്താ വിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് അഭ്യർത്ഥിച്ചു. എന്നാൽ സാമൂഹ്യമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനത്തിൽ പശ്ചാത്താപം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജെൻസി പ്രക്ഷോഭം ആളിക്കത്തിയതോടെ സർക്കാർ നിരോധനം പിൻവലിക്കുകയായിരുന്നു. അടിയന്തര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.

ജെൻ സി പ്രക്ഷോഭകർക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ 19 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ സമരക്കാരെ നേരിടാൻ സർക്കാർ സൈന്യത്തെ വിന്യസിച്ചിരുന്നു. സംഘർഷത്തിന്‍റെയും വെടിവെയ്പ്പിന്‍റെയും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാൾ ആഭ്യന്തര മന്ത്രി രാജിവെക്കുകയും ചെയ്തിരുന്നു. 

പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെയാണ് പൊലീസ് വെടിവെപ്പ് നടത്തിയത്. ഇതോടെ പ്രക്ഷോഭം കൂടുതൽ ശക്തമാവുകയായിരുന്നു. നേപ്പാൾ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ സൈറ്റുകൾക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയത്. രജിസ്റ്റർ ചെയ്യാൻ സോഷ്യൽ മീഡിയ ഭീമന്മാർക്ക് ഓഗസ്റ്റ് 28 മുതൽ ഒരാഴ്ച സമയം നൽകിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി നോട്ടീസും നൽകിയിരുന്നു. എന്നാൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയടങ്ങിയ മെറ്റ, ആൽഫബെറ്റ് (യൂട്യൂബ്), എക്സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ് ഇൻ എന്നിവയൊന്നും അവസാന തീയതിക്ക് മുമ്പ് അപേക്ഷകൾ സമർപ്പിച്ചിരുന്നില്ല.

കഴിഞ്ഞ വർഷത്തെ സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് നേപ്പാൾ സർക്കാർ ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. സോഷ്യൽ മീഡിയ ഭീമന്മാരോട് ഒരു കോൺടാക്റ്റ് പോയിന്റ് സ്ഥാപിക്കാനും ഒരു റെസിഡന്റ് ഗ്രീവൻസ് ഹാൻഡ്‌ലിംഗ് ഓഫീസറെയും കംപ്ലയൻസ് ഓഫീസറെയും നാമനിർദ്ദേശം ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. ടിക് ടോക്ക്, വൈബർ, വിറ്റ്ക്, നിംബസ്, പോപ്പോ ലൈവ് എന്നിവ കൃത്യമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവ നേപ്പാളിൽ ഇപ്പോഴും ഉപയോഗത്തിലുണ്ട്.

എന്നാൽ, അഴിമതിയും ദുർഭരണവും മൂടി വെയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്നാണ് ജെൻ സികൾ പറയുന്നത്. കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് പ്രകാരം നേപ്പാളിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം ഏകദേശം 13.5 ദശലക്ഷവും ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ എണ്ണം ഏകദേശം 3.6 ദശലക്ഷവുമാണ്. പലരും തങ്ങളുടെ ബിസിനസിനായി സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നു. നേപ്പാളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തന രഹിതമായതോടെ, ഇത് ബിസിനസിനെ ബാധിച്ചുവെന്നും പ്രതിഷേധക്കാർ അവകാശപ്പെടുന്നുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം