
ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും സംരംഭകയുമായ യുവതിയെ ഭര്‍ത്താവ് വെടിവച്ചുകൊന്നു. 33കാരിയായ തെരേസ കച്യൂല ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജേസൺ കച്യൂല (44) തലയ്ക്ക് വെടിവെച്ചാണ് തെരേസയെ കൊലപ്പെടുത്തിയത്. മകളുടെ മുന്‍പില്‍ വെച്ചായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം ജേസണ്‍ ജീവനൊടുക്കി. അമേരിക്കയിലാണ് സംഭവം.
പേൾറിഡ്ജ് സെന്‍ററിലെ പാര്‍ക്കിംഗ് ഏരിയയിലാണ് സംഭവം നടന്നത്. മൂന്ന് കുട്ടികളുടെ അമ്മയും വൈപാഹുവിലെ ഹൗസ് ഓഫ് ഗ്ലാം ഹവായ് എൽഎൽസി ഉടമയുമാണ് തെരേസ. അച്ഛന്‍ അമ്മയ്ക്ക് നേരെ വെടിയുതിര്‍ത്തെന്ന് എട്ട് വയസ്സുള്ള മകളാണ് പൊലീസിനോട് പറഞ്ഞത്. പിന്നാലെ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ജേസണ്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കുകയും ചെയ്തു.
തെരേസയും ജേസണും അകല്‍ച്ചയിലായിരുന്നു. വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഭർത്താവില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് തെരേസ കോടതിയെ സമീപിച്ചതിന് രണ്ടാഴ്ചക്ക് ശേഷമാണ് കൊലപാതകം നടന്നത്. ജെയ്‌സന്‍റെ വീട്ടില്‍ രജിസ്റ്റർ ചെയ്ത അഞ്ച് തോക്കുകൾ പൊലീസ് കണ്ടെടുത്തു.
അമ്മയുടെ കൊലപാതകം നേരില്‍ കണ്ടതിന്‍റെ ആഘാതത്തിലാണ് തേരേസയുടെ ഇളയ മകള്‍. അമ്മ പോയെന്ന് മകള്‍ക്ക് ഇതുവരെ വിശ്വസിക്കാനായിട്ടില്ലെന്ന് തെരേസയുടെ അമ്മ ലുസിറ്റ പറഞ്ഞു. തെരേസയുടെ കണ്‍മുന്നില്‍ ജീവനൊടുക്കുമെന്ന് ജേസണ്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
"മകള്‍ക്കും കൊച്ചുമക്കൾക്കും ക്രിസ്മസ് സമ്മാനങ്ങൾ നൽകാൻ ഞാൻ ആഗ്രഹിച്ചു. എന്റെ മകൾ ഇതല്ല അര്‍ഹിച്ചിരുന്നത്. സഹായത്തിനായി അവള്‍ ശ്രമിച്ചു. പക്ഷേ നിയമ സംവിധാനം അവളെ സഹായിച്ചില്ല"- എന്നാണ് അമ്മയുടെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam