
സാൻ ഫ്രാൻസിസ്കോ: പേപ്പറിൽ എഴുതിയ കണക്കിലെ ചോദ്യത്തിന് എഐ നൽകിയ ഉത്തരം കണ്ടതിന്റെ അന്പരപ്പിലാണ് സോഷ്യൽ മീഡിയ. ഗൂഗിളിൻ്റെ ഏറ്റവും പുതിയ 'നാനോ ബനാന പ്രോ' (Nano Banana Pro) എന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടൂളാണ്, കൈകൊണ്ട് എഴുതിയ ഒരു കണക്കിലെ ചോദ്യത്തിൻ്റെ ചിത്രം വിശകലനം ചെയ്ത്, അതിൻ്റെ ഉത്തരം അതേ കൈയക്ഷരത്തിൽ തന്നെ സൃഷ്ടിച്ച് നൽകിയത്. ജെമിനി 3 സീരീസിൻ്റെ ഭാഗമായ ഈ പുതിയ ടൂളിൻ്റെ കൃത്യതയെ കുരിച്ചായിരുന്നു ഒരു ഉപയോക്താവിന്റെ സോഷ്യൽ മീഡിയ കുറിപ്പ്. താൻ എഴുതിയ നോട്ടിൻ്റെ ചിത്രം മാത്രം നൽകി എഐ ടൂള് ഉപയോഗിച്ച് കണക്ക് ചെയ്തതിന്റെ കൃത്യതയെ കുറിച്ചായിരുന്നു ഉപയോക്താവിന്റെ കുറിപ്പ്. "ഞാൻ ഒരു ചോദ്യത്തിൻ്റെ ചിത്രം നൽകി, അത് ശരിയായി പരിഹരിച്ച് എൻ്റെ യഥാർത്ഥ കൈയക്ഷരത്തിൽ ഉത്തരം നൽകി. വിദ്യാർത്ഥികൾ ഇത് ഏറെ ഇഷ്ടപ്പെടും," അദ്ദേഹം കുറിച്ചു.
ചിത്രം വിശകലനം ചെയ്യുകയും തൻ്റെ കൈയക്ഷരത്തിൽ തന്നെ ഫലം സൃഷ്ടിക്കുകയും ചെയ്ത രീതി പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെമിനി 3 സീരീസിൻ്റെ ഭാഗമായ നാനോ ബനാന പ്രോ (Nano Banana Pro) AI ധാരണയുടെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാൻ രൂപകൽപ്പന ചെയ്തതാണ്. മെച്ചപ്പെടുത്തിയ യുക്തിബോധവും തത്സമയ വിവരങ്ങളും ഉപയോഗിച്ച് കൂടുതൽ കൃത്യതയുള്ളതും സന്ദർഭോചിതവുമായ പ്രതികരണങ്ങൾ നൽകാൻ ഈ ടൂൾ പരിശീലനം നേടിയിട്ടുണ്ട്. ഗൂഗിൾ എഐ സ്റ്റുഡിയോ, വെർട്ടെക്സ് എഐ തുടങ്ങിയവയിലും ഈ ടൂൾ സംയോജിപ്പിച്ചിട്ടുണ്ട്.