ഷാർജയിൽ പിക്ക് അപ്പ് ഡ്രൈവറായ പ്രവാസി മലയാളി വിബീഷ് പള്ളിയാലിക്ക് 15 വർഷത്തെ നിരന്തര പരിശ്രമത്തിനൊടുവിൽ അബുദാബി ബിഗ് ടിക്കറ്റിൽ 34 കോടി രൂപയുടെ ബമ്പർ സമ്മാനം ലഭിച്ചു. മൂന്ന് സുഹൃത്തുക്കളുമായി ചേർന്നെടുത്ത ടിക്കറ്റിലൂടെ ലഭിച്ച ഈ ഭാഗ്യം, പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കാനും മകളുടെ ഭാവി സുരക്ഷിതമാക്കാനും അദ്ദേഹത്തെ സഹായിക്കും.

Add Asianetnews as a Preferred SourcegooglePreferred

ഭാഗ്യം പരീക്ഷിക്കാൻ തുടങ്ങിയ പ്രവാസി മലയാളിയുടെ 15 വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഇരട്ടിമധുരം. ഷാർജയിൽ പിക്ക് അപ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി വിബീഷ് പള്ളിയാലിക്കാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.5 കോടി ദിർഹത്തിന്‍റെ അതായത് ഏകദേശം 34 കോടി രൂപയുടെ ബമ്പർ സമ്മാനം ലഭിച്ചത്. മറ്റ് മൂന്ന് സുഹൃത്തുക്കളുമായി ചേർന്നാണ് വിബീഷ് ഈ ടിക്കറ്റ് എടുത്തത്. സമ്മാനത്തുക പങ്കിടുമ്പോൾ ഏകദേശം 10 കോടി രൂപയോളം വിബീഷിന് ലഭിക്കും.

ഡ്രൈവറായി 10 വർഷം

ഒരു ട്രാൻസ്പോർട്ട് കമ്പനിയിൽ ഡ്രൈവറായ വിബീഷ് വണ്ടിയോടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ജീവിതം മാറ്റിമറിച്ച ആ ഫോൺ കോൾ അദ്ദേഹത്തെ തേടിയെത്തിയത്. തുടക്കത്തിൽ ഇത് ആരെങ്കിലും തന്നെ പറ്റിക്കാൻ ചെയ്യുന്ന ഒരു തമാശയാണോ എന്ന് പോലും അദ്ദേഹം സംശയിച്ചു. "സാധാരണ മാസാവസാനം ഓഫറുകളെക്കുറിച്ച് പറയാനാണ് കമ്പനിയിൽ നിന്ന് വിളിക്കാറുള്ളത്. എന്നാൽ മാസത്തിന്‍റെ തുടക്കത്തിൽ ഒരു വൈകുന്നേരം വിളിച്ചപ്പോൾ എനിക്ക് അത്ഭുതം തോന്നി. ഉടനെ തന്നെ ഭാര്യയെ വിളിച്ചു കാര്യം പറഞ്ഞു. അവൾ ഓൺലൈനിൽ പരിശോധിച്ചപ്പോഴാണ് വിജയികളുടെ പട്ടികയിൽ എന്‍റെ പേരുണ്ടെന്ന് ഉറപ്പിച്ചത്," വിബീഷ് തന്‍റെ സന്തോഷം പങ്കുവെയ്ക്കുന്നു.

നാട്ടിലേക്ക് മടങ്ങുന്നു

ഒരു സാധാരണ ഡ്രൈവറുടെ ശമ്പളത്തിൽ നിന്ന് ഓരോ മാസവും വലിയ തുക നൽകി ടിക്കറ്റ് എടുക്കുന്നത് വിബീഷിനെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായിരുന്നു. "ടിക്കറ്റ് എടുക്കുന്ന പണം മറ്റ് കാര്യങ്ങൾക്കായി ഉപയോഗിക്കാമായിരുന്നല്ലോ എന്ന് ഭാര്യ പലപ്പോഴും പരാതിപ്പെടുമായിരുന്നു. ചില മാസങ്ങളിൽ ടിക്കറ്റ് എടുത്ത വിവരം പോലും ഞാൻ അവളോട് പറയാറില്ലായിരുന്നു," വിബീഷ് ഓർമ്മിക്കുന്നു. ഈ വലിയ തുക വിബീഷിന്‍റെയും കുടുംബത്തിന്‍റെയും സ്വപ്നങ്ങൾക്ക് ചിറകേകും. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയെത്തി സ്ഥിര താമസമാക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കൂടാതെ, ബെംഗളൂരുവിൽ പഠിക്കുന്ന തന്‍റെ മകൾ വന്ദനയുടെ ഉപരിപഠനത്തിനും ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഈ സമ്മാനത്തുക ഉപയോഗിക്കുമെന്ന് വിബീഷ് വ്യക്തമാക്കി.