
പോർട്ടോ നോവോ: പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനിൽ പട്ടാള അട്ടിമറി. പ്രസിഡന്റ് പാട്രിക് ടെലോണിനെ പുറത്താക്കി പട്ടാളം അധികാരം പിടിച്ചു. അതേസമയം കലാപം തടഞ്ഞതായി സർക്കാർ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ദേശീയ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടാണ് മിലിട്ടറി കമ്മിറ്റി ഫോർ റീഫൗണ്ടേഷൻ(സിഎംആർ) എന്ന പേരിലുള്ള സൈനികോദ്യോഗസ്ഥരുടെ സംഘം അട്ടിമറിവിവരം രാജ്യത്തെ അറിയിച്ചത്. ഭരണഘടന റദ്ദാക്കിയതായും എല്ലാ കര-വ്യോമാതിർത്തികളും അടച്ചതായും സൈന്യം ടെലിവിഷനിൂലെ അവകാശപ്പെട്ടു. ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളുടെ പട്ടികയിലുള്ള ബെനിൻ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ താരതമ്യേന സുസ്ഥിരമായ ജനാധിപത്യമുള്ള രാജ്യമാണ്.
സൈനികർ ഭരണം പിടിച്ചെടുക്കുന്നതായി പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്കുള്ളിൽ കലാപം തടഞ്ഞതായി സർക്കാർ അറിയിച്ചു. സ്ഥിതിഗതികൾ ഇപ്പോൾ പൂർണ്ണമായും നിയന്ത്രണത്തിലാണെന്ന് ഉറപ്പുനൽകുന്നുവെന്ന് ബെനിൻ പ്രസിഡന്റ് പാട്രിസ് ടാലോൺ ടെലിവിഷനിലൂടെ അറിയിച്ചു. രാജ്യത്തോട് വിശ്വസ്തത പുലർത്തുന്ന നമ്മുടെ സൈന്യവും, സൈനിക മേധാവികളും പ്രകടിപ്പിച്ച കടമബോധത്തെ ഞാൻ അഭിനന്ദിക്കുന്നുവെന്ന് സംപ്രേക്ഷണത്തിനിടെ പാട്രിസ് ടാലോൺ പറഞ്ഞു. പ്രസിഡന്റ് സുരക്ഷിതനാണെന്നും പട്ടാളത്തിലെ ചെറിയ വിഭാഗം വരുന്ന വിമതഗ്രൂപ്പാണ് സൈനിക അട്ടിമറി നടത്തിയതായി അവകാശപ്പെട്ടതെന്നുമാണ് പ്രസിഡന്റിന്റെ അനുയായികൾ പറയുന്നത്. പാട്രിസ് ടാലോൺ എവിടായാണ് ഉള്ളതെന്ന് ഇതുവരെ വ്യക്തമല്ല.