
ന്യൂയോർക്ക്: യു എസിലെ ആൽബനിയിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ടാമത്തെ ഇന്ത്യക്കാരനും മരിച്ചു. ഗുരുതരമായ പരിക്കുകളോടെ ചികിത്സയിൽ കഴിയുകയായിരുന്ന അൻവേഷ് സാരപ്പള്ളിയാണ് മരിച്ചത്. ഇതോടെ തീപിത്തത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഈ മാസം നാലിനാണ് ഇവർ താമസിച്ച വീടിന് തീപിടിത്തമുണ്ടായത്. സമീപത്തെ വീട്ടിൽ ആദ്യം തീപിടിത്തമുണ്ടാകുകയും പിന്നീട് ഇവർ താമസിക്കുന്ന വീട്ടിലേക്കും പടർന്ന് പിടിക്കുകയായിരുന്നു.
അപകടത്തിൽ തെലങ്കാന സ്വദേശിനി സഹജ റെഡ്ഡി (24) വെള്ളിയാഴ്ച മരണമടഞ്ഞിരുന്നു.യുഎസിൽ സൈബർ സുരക്ഷയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം ജോലി ചെയ്യുകയായിരുന്നു സഹജ റെഡ്ഡി ഉടുമല. രാത്രി ഷിഫ്റ്റിന് ശേഷം ഉറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. തീ പടർന്ന് പിടിച്ചത് വീടിനുള്ളിലുണ്ടായിരുന്നവർ അറിഞ്ഞില്ല. സഹജയുടെ മുറിയുടെ അടുത്താണ് തീ ആദ്യം പടർന്നുപിടിച്ചത്. ശക്തമായ കാറ്റും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. തീപിടിച്ച വീട്ടിൽ കുടുങ്ങിയ നാലുപേരിൽ ഉൾപ്പെട്ടവരായിരുന്നു അൻവേഷും സഹജയും. ശരീരത്തിന്റെ 90 ശതമാനത്തിലധികം പൊള്ളലേറ്റ സഹജ, ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതിനെത്തുടർന്നാണ് മരിച്ചത്.
അഗ്നിബാധയെത്തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് ആൽബനിയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ 13 താമസക്കാരെ വീട്ടിൽ നിന്ന് മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ന്യൂയോർക്ക് സ്റ്റേറ്റ് ഫയർ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തിൽ ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യൻ കോൺസുലേറ്റ്, ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള എല്ലാ സഹായങ്ങളും നൽകുമെന്ന് ഉറപ്പ് നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam