Desmond Tutu Died : വര്‍ണവിവേചനത്തിന് എതിരെ പൊരുതിയ പോരാളി; ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

Published : Dec 26, 2021, 01:43 PM ISTUpdated : Dec 26, 2021, 02:09 PM IST
Desmond Tutu Died : വര്‍ണവിവേചനത്തിന് എതിരെ പൊരുതിയ പോരാളി; ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

Synopsis

 ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ ഭരണത്തിന് എതിരെ പോരാടിയതിന് 1984 ലാണ് ഡെസ്മണ്ട് ടുട്ടുവിന് സമാധാനത്തിനുള്ള നൊബേൽ ലഭിച്ചത്.   

കേപ്ടൌണ്‍: ദക്ഷിണാഫ്രിക്കയിലെ വർണ വിവേചനത്തിന് എതിരായ പോരാട്ടത്തിൽ നേതൃപരമായ പങ്കുവഹിച്ച ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു (Desmond Tutu)  അന്തരിച്ചു. 90 വയസ്സായിരുന്നു. 1984 ൽ സമാധാന നൊബേൽ നൽകി ലോകം ആദരിച്ച വ്യക്തിയാണ്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റാമഫോസയാണ് ഡെസ്‌മണ്ട് ടുട്ടുവിന്‍റെ മരണവിവരം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയെ വർണ വിവേചനത്തിൽ നിന്ന് സ്വതന്ത്രമാക്കിയ മഹാനെയാണ് നഷ്ടമായതെന്ന് സിറിൽ റാമഫോസ അനുസ്മരിച്ചു. 

നെൽസൻ മണ്ടേല കഴിഞ്ഞാൽ കറുത്ത വർഗ്ഗക്കാർക്കായുള്ള പോരാട്ടത്തിൽ ലോകം ഏറ്റവുമധികം കേട്ട പേര് ഡെസ്‌മണ്ട് ടുട്ടുവിന്‍റേത് ആയിരുന്നു. ആംഗ്ലിക്കൻ ബിഷപ്പായ അദ്ദേഹം മതത്തെ മനുഷ്യ വിമോചനത്തിനുള്ള പ്രത്യയശാസ്ത്രമായി അവതരിപ്പിച്ചു. ഡെസ്മണ്ട് ടുട്ടുവിന്‍റെ പോരാട്ടം ലോകമെങ്ങും മതത്തിനുള്ളിലെ പുരോഗമന ശബ്ദങ്ങൾക്ക് കരുത്ത് പകർന്നിരുന്നു. നിര്യാണത്തിൽ വിവിധ രാഷ്‌ട്ര നേതാക്കൾ അനുശോചിച്ചു. 

1931 ഒക്ടോബര്‍ ഏഴിനാണ് ജൊഹ്നാസ്ബര്‍ഗിലെ  ക്ലെർക്സ്ഡോർപ്പില്‍ ഡെസ്മണ്ട് ടുട്ടു ജനിച്ചത്. ദൈവശാസ്ത്ര സെമിനാരിയിൽ പ്രവേശിക്കുന്നതിന് മുമ്പ് അധ്യാപകനായിട്ടായിരുന്നു ജോലി. 1961 ലാണ് ആംഗ്ലിക്കൻ പുരോഹിതനായി ഡെസ്മണ്ട് ടുട്ടു അഭിഷിക്തനാവുന്നത്. പിന്നീട് ദക്ഷിണാഫ്രിക്കയില്‍ നെല്‍സന്‍ മണ്ടേല അടക്കമുള്ള പ്രമുഖ നേതാക്കള്‍ക്കൊപ്പം വർണ വിവേചനത്തിനെതിരായ കറുത്ത വർഗക്കാരുടെ പ്രധാന ശബ്ദമായി ടുട്ടു ഉയർന്നു. പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ തുടര്‍ന്ന് 1997 ല്‍ ഡെസ്‍മണ്ട് ടുട്ടുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് പിന്നാലെ അണുബാധയെ തുടര്‍ന്നും മറ്റ് രോഗങ്ങള്‍ക്കുമായി നിരവധി തവണ ടുട്ടുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പൊതുജീവിതത്തില്‍ നിന്ന് 2010 ല്‍ ഡെസ്‍മണ്ട് ടുട്ടു ഔദ്യോഗികമായി വിരമിച്ചു. എങ്കിലും തന്‍റെ ഡെസ്മണ്ട് ആന്‍റ് ലിയ ടുട്ടു ലെഗസി ഫൗണ്ടേഷൻ വഴി ടുട്ടു ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നിരുന്നു. ഈ വര്‍ഷം മേയില്‍ കൊവിഡ് വൈറസിനെതിരായ വാക്സീന്‍ എടുക്കാനായി ടുട്ടു കേപ് ടൗണില്‍ ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എല്ലാവരെയും വാക്സീന്‍ എടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. 

PREV
click me!

Recommended Stories

മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ