
ജൊഹനാസ്ബർഗ്: യാത്രാ രേഖകളില്ല, ചാർട്ടേഡ് വിമാനത്തിൽ ദക്ഷിണാഫ്രിക്കയിൽ എത്തിയത് 150ലേറെ ഗാസയിൽ നിന്നുള്ള പലസ്തീൻ സ്വദേശികൾ. നിഗൂഡ വിമാനത്തിന്റെ വിവരങ്ങൾ കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് ദക്ഷിണാഫ്രിക്ക. വ്യാഴാഴ്ചയാണ് ജൊഹനാസ്ബർഗിലെ ഒ ആർ താംപോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഫ്രാൻസിന്റെ വിമാനം ലാൻഡ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് വിമാനം ലാൻഡ് ചെയ്തത്. ഇമിഗ്രേഷൻ കൗണ്ടറുകളിൽ ഉദ്യോഗസ്ഥർ 12 മണിക്കൂറോളമാണ് യാത്രക്കാരെ ചോദ്യം ചെയ്തത്. എത്ര കാലത്തേക്കാണ് രാജ്യത്ത് എത്തിയതെന്നോ എവിടാണ് താമസിക്കാൻ പോവുന്നതെന്നോ ഉള്ള കാര്യങ്ങൾ വിശദീകരിക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല. സാധാരണ ഗതിയിൽ പലസ്തീൻ സ്വദേശികളെത്തുമ്പോൾ ഇസ്രയേൽ അധികൃതർ നൽകാറുള്ള എക്സിറ്റ് സ്റ്റാമ്പുകളും ഇവർ ആരുടേയും പക്കലില്ലെന്നതാണ് ദക്ഷിണാഫ്രിക്കൻ അധികൃതർക്ക് സംശയം വർധിക്കാൻ കാരണമായിട്ടുള്ളത്.
9 മാസം ഗർഭിണിയായ യുവതി അടക്കമുള്ളവരാണ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് വിധേയരായത്. നയ്റോബി വഴിയാണ് ഇവർ സഞ്ചരിച്ച വിമാനം ദക്ഷിണാഫ്രിക്കയിലെത്തിയത്. ഗാസയിലെ ജനങ്ങളുടെ മോശം അവസ്ഥ ചൂഷണം ചെയ്തുള്ള മനുഷ്യക്കടത്താണോ എന്ന സംശയമാണ് ഉദ്യോഗസ്ഥർക്ക് ശക്തമായിട്ടുള്ളത്. പലസ്തീൻ സ്വദേശികളിൽ നിന്ന് പണം ഈടാക്കിയ ശേഷമാണ് ചാർട്ടേഡ് വിമാനത്തിൽ കയറ്റി വിട്ടതെന്നാണ് പുറത്ത് വരുന്ന വിവരം. മനുഷ്യക്കടത്ത് സംഘങ്ങളെ സംശയിക്കുന്നുണ്ടെങ്കിലും ആരെയാണ് സംശയിക്കുന്നതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. യാത്രക്കാരിൽ 23 പേർ മറ്റ് രാജ്യങ്ങളിലേക്ക് പോയതായും 130 പേർക്ക് ദക്ഷിണാഫ്രിക്കൻ ആഭ്യന്തര മന്ത്രാലയം താൽക്കാലിക താമസം ഒരുക്കുകയും ചെയ്തിരിക്കുകയാണ്.
ഗാസ വിടാൻ പലസ്തീൻ സ്വദേശികളിൽ സമ്മർദ്ദം ശക്തമാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രയേൽ അധിനിവേശത്തിന് പിന്നാലെ 40000ലേറെ പലസ്തീനികളാണ് ഗാസയിൽ നിന്ന് ഒഴിഞ്ഞ് പോയത്. എന്നാൽ അൽ മജീദുമായി ബന്ധമുള്ളവരാണ് ഇത്തരത്തിൽ ദക്ഷിണാഫ്രിക്കയിൽ എത്തിയവരെന്നാണ് ഇസ്രയേൽ പ്രതികരിക്കുന്നത്. അൽ മജ്ദ്ന് ഇസ്രയേലുമായി ബന്ധമുണ്ടെന്നും അൽ മജ്ദ് ഗാസയിൽ നിന്ന് പലസ്തീനികളെ ഒഴിപ്പിക്കാൻ സഹായിക്കുകയാണ് എന്നാണ് ദക്ഷിണാഫ്രിക്കയിലെ എൻജിഒ കൾ വിശദമാക്കുന്നത്. ഭക്ഷണമോ വെള്ളമോ നൽകാതെയായിരുന്നു മണിക്കൂറുകൾ നീണ്ട ഇവരുടെ യാത്രയെന്നാണ് ലഭ്യമാകുന്ന വിവരം. പലസ്തീൻ ഇസ്രയേൽ വിഷയത്തിൽ ദക്ഷിണാഫ്രിക്ക പാലസ്തീനെ ശക്തമായി പിന്തുണച്ചിരുന്നു. ഇസ്രയേൽ ഗാസയിൽ വംശഹത്യ ചെയ്യുന്നുവെന്ന് യുഎൻ കോടതിയിൽ ഉന്നയിച്ചതും ദക്ഷിണാഫ്രിക്കയായിരുന്നു.