കൊന്നുതള്ളിയത് 47,000 പന്നികളെ; ചോരപ്പുഴയായി ദക്ഷിണ കൊറിയൻ നദി

By Web TeamFirst Published Nov 14, 2019, 11:26 PM IST
Highlights

പന്നികളുടെ രക്തം പുഴയിലേക്ക് ഒഴുകി‌യെത്തിയത് മറ്റ് മൃ​ഗങ്ങളെ ബാധിക്കുമോ എന്ന ആശങ്ക ജനങ്ങൾ‌ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഈ ആശങ്കകൾ അധികൃതര്‍ തള്ളികളഞ്ഞു. 

സോള്‍: പന്നികളുടെ ചോര നിറഞ്ഞ് ചോരപ്പുഴയായി ഒഴുകുകയാണ് ദക്ഷിണ കൊറിയൻ അതിർത്തിയിലെ ഇംജിന്‍ നദി. ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്ന് പിടിക്കുന്നത് തടയാനായി ദക്ഷിണ കൊറിയന്‍ അധികൃതര്‍ 47,000 ത്തോളം പന്നികളെ കൊന്നുതള്ളി. എന്നാല്‍, കനത്ത മഴയെ തുടര്‍ന്ന് പന്നികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ സ്ഥലത്ത് ഇവയുടെ രക്തം ഇരു കൊറിയകളുടേയും അതിര്‍ത്തിയോട് ചേര്‍ന്നൊഴുകുന്ന ഇംജിന്‍ നദിയിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു.

പന്നികളുടെ രക്തം പുഴയിലേക്ക് ഒഴുകി‌യെത്തിയത് മറ്റ് മൃ​ഗങ്ങളെ ബാധിക്കുമോ എന്ന ആശങ്ക ജനങ്ങൾ‌ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഈ ആശങ്കകൾ അധികൃതര്‍ തള്ളികളഞ്ഞു. അറക്കുന്നതിന് മുമ്പ് പന്നികളെ അണുവിമുക്തമാക്കിയിരുന്നു. അതിനാൽ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ആഫ്രിക്കന്‍ പന്നിപ്പനി വളരെ പെട്ടെന്ന് പടര്‍ന്ന് പിടിക്കുന്നതും മാറാരോഗവുമാണ്‌. രോഗം ബാധിച്ച പന്നികള്‍ അതിജീവിക്കില്ലെന്നാണ് വിവരം. ആഫ്രിക്കന്‍ പന്നിപ്പനി മനുഷ്യര്‍ക്ക് അപകടകരമല്ലെന്നും അധികൃതര്‍ അറിയിച്ചു. പന്നികളെ കൊന്നെടുക്കി രോ​ഗം നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ ഒരാഴ്ചയായി നടന്നുകൊണ്ടിരിക്കുകയാണ്.

കൊന്നൊടുക്കിയ പന്നികളുടെ അവശിഷ്ടങ്ങളുൾപ്പടെ വൃത്തിയായി സംസ്ക്കരിക്കാനും മലിനീകരണം ഉണ്ടാകാതിരിക്കാനുള്ള അടിയന്തര നടപടികളും സ്വീകിരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സെപ്തംബർ 17നായിരുന്നു ആദ്യമായി ദക്ഷിണ കെറിയയില്‍ ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോർട്ട് ചെയ്തത്.  

click me!