ഭീമൻ എട്ടുകാലിയെ കണ്ട് അലറിക്കരഞ്ഞ് യുവതി, പൊലീസിനെ വിളിച്ച് അയൽക്കാർ

By Web TeamFirst Published Sep 4, 2021, 11:53 AM IST
Highlights

എട്ടുകാലി തന്റെ നേർക്ക് പാഞ്ഞടുത്തതാണ് താൻ അലറിവിളിക്കാൻ കാരണമായത് എന്ന് യുവതി പറഞ്ഞു

കിടപ്പറയ്ക്കുള്ളിൽ വലിയൊരു എട്ടുകാലിയെ കണ്ടാൽ നമ്മൾ എന്തുചെയ്യും? ചിലർ വല്ല ചൂലോ മറ്റോ എടുത്ത് അതിനെ അടിച്ചോടിക്കാൻ നോക്കും. ചിലർ അതിനെ തല്ലിക്കൊന്നു എന്നിരിക്കും. മറ്റു ചിലർ അതവിടെ ഇരുന്നോട്ടെ എന്ന് കരുതി കിടന്നുറങ്ങി എന്നും വരാം. എന്നാൽ, ചുരുക്കം ചിലർക്ക് അത്തരമൊരു കാഴ്ച സമ്മാനിക്കുന്നത് വലിയ മാനസിക സമ്മർദ്ദമാണ്. അനങ്ങാൻ പോലും ആവാതെ പേടിച്ചു വിറച്ചു നിന്നുപോകുന്നവരുണ്ട്. കണ്ടപാടെ ചീറിക്കരഞ്ഞു നിലവിളിച്ചു പോവുന്നവരും. ഹോളി ഹണ്ടർ എന്ന മുപ്പതുകാരിക്ക് സംഭവിച്ചതും അതുതന്നെയാണ്. തന്റെ കൈവെള്ളയോളം വലുപ്പത്തിലുള്ള ഒരു വലിയ എട്ടുകാലിയെ കിടപ്പുമുറിക്കുള്ളിൽ കണ്ടതും അവൾ ചീറിക്കരഞ്ഞു. ഈ നിലവിളി കേട്ട് ഹോളിയെ ആരോ ആക്രമിക്കുകയാണ് എന്ന് തെറ്റിദ്ധരിച്ച അയൽക്കാരാവട്ടെ അടുത്ത നിമിഷം തന്നെ പൊലീസിനെ വിളിച്ചു വരുത്തുകയും ചെയ്തു. സ്കോട്ട്ലൻഡിലാണ് സംഭവം. 

 

 

പൊലീസ് രാത്രിയിൽ ബീക്കണും മിന്നിച്ച് സൈറണുമിട്ടു വന്ന് അപ്പാർട്ട്മെന്റിനുള്ളിലേക്ക് ഇരച്ചു കയറിയപ്പോൾ ഹോളിക്ക് ആദ്യം ഒരു ജാള്യതയൊക്കെ തോന്നി എങ്കിലും, പിന്നീട് ആ സന്ദർശനം അവർക്ക് ഗുണം ചെയ്തു. തന്നെ ആരും അക്രമിച്ചതല്ല എന്നും, കിടക്കയുടെ അറ്റത്ത് ഭീമൻ എട്ടുകാലിയെ കണ്ടു താൻ കരഞ്ഞു വിളിച്ചതാണ് എന്നും, അത് ഇപ്പോഴും കിടക്കയ്ക്കടിയിൽ എവിടെയോ ഉണ്ട് എന്നും ഹോളി പറഞ്ഞതോടെ, വന്ന പൊലീസ് സംഘം കിടക്ക പൊക്കി മാറ്റി എട്ടുകാലിയെ കണ്ടെത്തി. ഒരു പൊലീസ് ഓഫീസർ അതിനെ കൈവെള്ളയിൽ എടുത്ത് മുറിയിൽ നിന്ന് പുറത്തേക്കെത്തിച്ച് ഹോളിയുടെ സങ്കടാവസ്ഥയ്ക്ക് പരിഹാരവുമുണ്ടാക്കി. താൻ ഒറ്റയ്ക്ക് ശ്രമിച്ചിരുന്നെങ്കിൽ പുറത്താക്കുന്നത് പോയിട്ട് എട്ടുകാലിയെ കണ്ടെത്താൻ പോലും തനിക്ക് സാധിക്കിലല്ലായിരുന്നു എന്നും ഹോളി പറഞ്ഞു. 

കിടക്കയ്ക്കരികിൽ എട്ടുകാലിയെ കണ്ടപ്പോൾ അതിനു നേരെ ഒരു പുസ്തകം വലിച്ചെറിഞ്ഞ് ഓടിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും, അപ്പോൾ ആ എട്ടുകാലി പെട്ടെന്ന് തന്റെ നേർക്ക് പാഞ്ഞു വന്നു എന്നും അതാണ് താൻ ഉച്ചത്തിൽ അലറി വിളിക്കാൻ കാരണമായത് എന്നും ഹോളി പൊലീസിനോട് പറഞ്ഞു. അസമയത്ത് താൻ നിലവിളിച്ചതിലൂടെ അയൽക്കാർക്കുണ്ടായ അസൗകര്യത്തിനും അവർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ക്ഷമാപണം നടത്തി. 

click me!