രാജ്യത്തെ പഴയ സൈനിക സന്നാഹങ്ങൾ നവീകരിക്കുന്നതിലെ പ്രഥമ ചുവടായാണ് ഇന്തോനേഷ്യയുടെ നീക്കത്തെ വിലയിരുത്തുന്നത്

ജക്കാർത്ത: ഫ്രാൻസിൽ നിന്നുള്ള റഫാൽ യുദ്ധവിമാനങ്ങൾ ആദ്യമായി സ്വന്തമാക്കി ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രം. ഫ്രാൻസുമായുള്ള കോടിക്കണക്കിന് ഡോളറിന്റെ പ്രതിരോധ കരാറിന്റെ ഭാഗമായാണ് മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ ഇന്തോനേഷ്യ സ്വന്തമാക്കിയത്. രാജ്യത്തെ പഴയ സൈനിക സന്നാഹങ്ങൾ നവീകരിക്കുന്നതിലെ പ്രഥമ ചുവടായാണ് ഇന്തോനേഷ്യയുടെ നീക്കത്തെ വിലയിരുത്തുന്നത്. നിലവിലെ സാഹചര്യത്തിൽ ഏഷ്യാ പസഫിക് മേഖലയിൽ സംഘർഷങ്ങൾ വർദ്ധിക്കുകയാണ്. ഫ്രെഞ്ച് കമ്പനികളുമായി നിരവധി സൈനിക കരാറുകളിലാണ് ഇന്തോനേഷ്യ ഏർപ്പെട്ടിരിക്കുന്നത്. ഇതിൽ സുപ്രധാനമാണ് 42 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നത്. 8.1 ബില്യൺ ഡോളർ ചെലവിലാണ് ഫ്രാൻസുമായി 2021ൽ ഇന്തോനേഷ്യ കരാറിലെത്തിയത്. ഇതനുസരിച്ചുള്ള ആദ്യത്തെ മൂന്ന് റഫാൽ വിമാനങ്ങളാണ് വെള്ളിയാഴ്ച കൈമാറിയത്. മൂന്ന് റഫാൽ വിമാനങ്ങളാണ് സുമാത്രയിലെ റോസ്മിൻ നുർജാദിൻ വ്യോമ താവളത്തിലെത്തിയത്. 

വിമാനങ്ങൾ സുമാത്രയിലെ റോസ്മിൻ നുർജാദിൻ വ്യോമ താവളത്തിൽ 

തെക്കുകിഴക്കൻ ഏഷ്യയിൽ ഫ്രാൻസിന്റെ ഏറ്റവും വലിയ ആയുധ ഉപഭോക്താവാണ് ഇന്തോനേഷ്യ. മുൻ സ്പെഷ്യൽ ഫോഴ്സ് കമാൻഡർ കൂടിയായ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ കീഴിൽ പ്രതിരോധ ചെലവുകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്രഞ്ച് യുദ്ധക്കപ്പലുകളും അന്തർവാഹിനികളും വാങ്ങാനും ഇന്തോനേഷ്യക്ക് പദ്ധതിയുണ്ട്. ഈ വർഷം അവസാനം കൂടുതൽ വിമാനങ്ങൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇവയുടെ എണ്ണം മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. വ്യോമസേനയെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി ചൈനയുടെ J-10 വിമാനങ്ങളും അമേരിക്കയുടെ F-15EX വിമാനങ്ങളും വാങ്ങുന്ന കാര്യവും ഇന്തോനേഷ്യ പരിഗണിക്കുന്നുണ്ട്. കൂടാതെ തുർക്കിയുടെ 48 KAAN യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിലും രാജ്യം ഒപ്പുവെച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം