
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ സ്ഫോടനം നടത്തിയ തീവ്രവാദികള്‍ കേരളത്തിലെത്തിയിരുന്നതായി ശ്രീലങ്കന്‍ സൈന്യത്തലവന്‍റെ വെളിപ്പെടുത്തല്‍. തീവ്രവാദ പരിശീലനങ്ങളുടെ ഭാഗമായി ഇവര്‍ കശ്മീരിലും എത്തിയതായാണ് സൈന്യത്തലവന്‍ സ്ഥിരീകരിച്ചത്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍മി ചീഫിന്‍റെ സുപ്രധാന വെളിപ്പെടുത്തല്‍.
ലഫ്റ്റനന്‍റ് ജനറല്‍ മഹേഷ് സേനാനായകെ ആണ് തീവ്രവാദികള്‍ ഇന്ത്യയില്‍ എത്തിയിരുന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 'ഇന്ത്യയിലെത്തിയ തീവ്രവാദികള്‍ കശ്മീരിന് പുറമെ ബെംഗളൂരുവിലും കേരളത്തിലും എത്തിയതായാണ് അറിയാന്‍ സാധിച്ചത്'- സേനാനായകെ പറഞ്ഞു. പരിശീലനത്തിന്‍റെ ഭാഗമായാണ് തീവ്രവാദ സംഘങ്ങളുടെ അടുത്ത് ഇവര്‍ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017-ലാണ് ചാവേറുകളില്‍ രണ്ടുപേര്‍ ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം സൈന്യത്തലവന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചിട്ടില്ല. തീവ്രവാദികളുടെ കശ്മീര്‍ ബന്ധത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ ഇതുവരെ തയ്യാറായിട്ടില്ല.
സ്ഫോടനവുമായി ബന്ധമുള്ള മൗലവി സഹ്രാന്‍ ബിന്‍ ഹാഷിമാണ് ഇന്ത്യയിലെത്തിയതെന്നാണ് സംശയം. ശ്രീലങ്കന്‍ നാഷണല്‍ തൗഹീദ് ജമാ(എന്‍ റ്റി ജെ)യുടെ നേതാവാണ് ഹാഷിം. ഹാഷിമിന്‍റെ കശ്മീര്‍ സന്ദര്‍ശനത്തിന്‍റെ ഉദ്ദേശ്യം ഇന്ത്യന്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഹാഷിം അംഗമായുള്ള തമിഴ്നാട് തൗഹീദ് ജമാ അത്തിന് തീവ്രവാദ ആക്രമണത്തില്‍ ബന്ധമില്ലെന്നാണ് ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചത്. തമിഴ്നാട് തൗഹീദ് ജമാ അത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ഇയാള്‍ പിന്നീട് ശ്രീലങ്കന്‍ തൗഹീദ് ജമാ അത്ത് രൂപീകരിക്കുകയായിരുന്നു.
അതേസമയം ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ് തുടരുകയാണ്. തമിഴ്നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലർത്തുന്ന 65 ലധികം മലയാളികൾ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam