
കൊളംബോ: സോളോ ട്രിപ്പ് നടത്തുകയായിരുന്ന ന്യൂസിലാൻഡിൽ നിന്നുള്ള യുവതിക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമ ശ്രമവും നഗ്നതാ പ്രദർശനവും. യുവതി തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ വൈറലായതിനെത്തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്തു. യുവതിയുടെ യാത്ര തുടങ്ങി, നാലാം ദിവസം, ഒരു സ്കൂട്ടറിൽ വന്ന യുവാവ് യുവതി സഞ്ചരിച്ച ഓട്ടോ പിന്തുടരുകയും നിര്‍ത്തിയപ്പോൾ, ലൈംഗിക ബന്ധത്തിന് താൽപര്യം അറിയിക്കുകയും ചെയ്തു. യുവതി വിസമ്മതിച്ചതോടെ നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു.
23 വയസ്സുള്ള പ്രതിയെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. യാത്രയുടെ തുടക്കത്തിൽ സൺറൈസിൽ നീന്തൽ ആസ്വദിച്ച് സന്തോഷത്തിലായിരുന്നു ഞാൻ. പക്ഷെ പെട്ടെന്ന് അത് മാറിമറിഞ്ഞുവെന്ന് യുവതി വീഡിയോയിൽ പറയുന്നു. സ്കൂട്ടറിൽ വന്നയാൾ തൻ്റെ മുന്നിൽ പതിയെ ഓടിച്ചു, താൻ കടന്നുപോകുമ്പോൾ വീണ്ടും വേഗത കൂട്ടി തന്നെ മറികടക്കുകയും ചെയ്തത് ശല്യം ചെയ്തു.
വിശ്രമിക്കാനും വെള്ളം കുടിക്കാനുമായി ഓട്ടോ ഒതുക്കിയപ്പോഴാണ് യുവാവ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. "അയാൾ സ്കൂട്ടറിൽ നിന്നിറങ്ങി എന്നോട് സംസാരിക്കാൻ വന്നു. ഭാഷ അറിയില്ലെങ്കിലും അയാൾ സൗഹൃദപരമായി പെരുമാറി. എന്നാൽ സംഭാഷണം പെട്ടെന്ന് അസ്വസ്ഥമായി. എവിടെയാണ് താമസിക്കുന്നതെന്ന് ചോദിച്ചപ്പോൾ തന്നെ സംഗതി എവിടേക്കാണ് പോകുന്നതെന്ന് എനിക്ക് മനസ്സിലായി. ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ട ശേഷം ഇയാൾ നഗ്നതാ പ്രദർശനം നടത്തുന്നതും യുവതിയുടെ ക്യാമറയിൽ പതിഞ്ഞു. ഭയന്നുപോയ യുവതി ഉടൻ തന്നെ അവിടെ നിന്നും പോവുകയായിരുന്നു.
സംഭവം എന്നെ ഞെട്ടിച്ചു. വല്ലാത്തൊരു മാനസികാവസ്ഥയിലായി ഞാൻ. യാത്രയുടെ ബാക്കി ദിവസങ്ങളിൽ ജാഗ്രതയോടെ കഴിയേണ്ടിവരുമെന്നും യുവതി പറഞ്ഞു. "ആ ചോദ്യം ചോദിക്കാൻ അയാൾക്ക് എങ്ങനെ ധൈര്യം വന്നു എന്ന് വിശ്വസിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ വേണ്ടെന്ന് പറഞ്ഞിട്ടും അയാൾ നഗ്നത പ്രദർശിപ്പിച്ചു, എന്നും അവർ പറഞ്ഞു. "ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീക്ക് അനുഭവിക്കേണ്ടി വരുന്നതാണിത്' ഇങ്ങനെയാകാൻ പാടില്ല, പക്ഷേ ഇതാണ് യാഥാർത്ഥ്യം എന്നും യുവതി കൂട്ടിച്ചേർത്തു. തനിക്ക് നേരിട്ടത് ഒറ്റപ്പെട്ട സംഭവമാണെന്നും, ഇത് ശ്രീലങ്കയിലെ മുഴുവൻ ജനങ്ങളെയും കുറിച്ചല്ലെന്നും, താൻ കണ്ടുമുട്ടിയ നാട്ടുകാർ വളരെ ദയാലുക്കളായിരുന്നു എന്നും അവർ ഇൻസ്റ്റാഗ്രാം കുറിപ്പിൽ വ്യക്തമാക്കി.