അമേരിക്കയിൽ നടന്ന ഇന്ത്യൻ കുടുംബത്തിന്റെ കൊലപാതകം; ഒരു തുള്ളി രക്തവും ലാപ്ടോപും വര്‍ഷങ്ങൾക്ക് ശേഷം തെളിവായി, കൊലയാളി ഇന്ത്യക്കാരൻ

Published : Nov 19, 2025, 09:52 PM IST
Indian Woman Son Killed

Synopsis

2017-ൽ ന്യൂജേഴ്‌സിയിൽ ആന്ധ്രാ സ്വദേശിനി ശശികല നരയും മകനും കൊല്ലപ്പെട്ട കേസിൽ എട്ട് വർഷത്തിന് ശേഷം വഴിത്തിരിവ്. ഭർത്താവിൻ്റെ സഹപ്രവർത്തകനായിരുന്ന നസീർ ഹമീദിനെതിരെയാണ് ഇപ്പോൾ കുറ്റം ചുമത്തിയിരിക്കുന്നത്.   

 ന്യൂജേഴ്‌സി: 2017-ൽ ആന്ധ്രാ സ്വദേശിനി ശശികല നരയും അവരുടെ ആറ് വയസ്സുള്ള മകൻ അനീഷും കുത്തേറ്റ് മരിച്ച കേസിൽ എട്ട് വർഷത്തിന് ശേഷം വഴിത്തിരിവ്. കൊല്ലപ്പെട്ട ശശികലയുടെ ഭർത്താവിൻ്റെ സഹപ്രവർത്തകനായിരുന്ന നസീർ ഹമീദ് എന്ന ഇന്ത്യൻ പൗരനെതിരെയാണ് അമേരിക്കൻ അധികൃതർ ഇപ്പോൾ കുറ്റം ചുമത്തിയിരിക്കുന്നത്. ഹമീദ് കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.

എന്നാൽ, ഇയാൾക്ക് ഔദ്യോഗികമായി കമ്പനി നൽകിയ ലാപ്ടോപ്പിൽ നിന്ന് ലഭിച്ച ഡിഎൻഎ സാംപിളാണ് വർഷങ്ങൾക്ക് ശേഷം പ്രതിയെ കണ്ടെത്താൻ നിർണായകമായത്. കൊലപാതക കുറ്റം ചുമത്തിയ അധികൃതർ, വിചാരണയ്ക്കായി ഹമീദിനെ അമേരിക്കയിലേക്ക് കൈമാറ്റം ചെയ്യാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. 2017 മാർച്ച് 23 ന് ഹനു നര വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഭാര്യ ശശികല നരയെയും മകൻ അനീഷിനെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തങ്ങളെ ആക്രമിച്ചയാളെ ചെറുക്കാൻ ശ്രമിച്ചതിൻ്റെ മുറിവുകൾ ഇരുവരുടെയും ശരീരത്തിൽ ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിരവധി രക്തക്കറ സാംപിളുകൾ ശേഖരിച്ചിരുന്നു. ഇരകളുടെയോ ഹനു നരയുടെയോ അല്ലാത്ത ഒരൊറ്റ രക്തത്തുള്ളി കണ്ടെത്തിയത് കേസിൽ ദുരൂഹതയായി തുടർന്നു. കോഗ്നിസൻ്റ് ടെക്നോളജീസിലെ സഹപ്രവർത്തകനായിരുന്ന നസീർ ഹമീദ്, ഹനു നരയെ മുൻപ് ശല്യപ്പെടുത്തിയതിന് ആരോപണവിധേയനായിരുന്നു.

ആറുമാസത്തിനകം ഇന്ത്യയിലേക്ക് മടങ്ങി

കൊലപാതകത്തിനു ശേഷം ആറുമാസത്തിനകം ഇന്ത്യയിലേക്ക് മടങ്ങിയ ഹമീദ് സാങ്കേതികവിദ്യയിലുള്ള തൻ്റെ വൈദഗ്ദ്ധ്യം ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായി അധികൃതർ കരുതുന്നു. വർഷങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ, 2024-ൽ അമേരിക്കൻ അധികൃതർ കോടതി ഉത്തരവോടെ ഹമീദിൻ്റെ ഔദ്യോഗിക ലാപ്ടോപ്പ് കമ്പനിയിൽ നിന്ന് ആവശ്യപ്പെട്ടു. ഹമീദ് ഡി.എൻ.എ. സാംപിൾ നൽകാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ഈ നീക്കം.

ലാപ്ടോപ്പിൽ നിന്ന് ശേഖരിച്ച ഡി എൻ.എ. സാംപിൾ, കൊലപാതക സ്ഥലത്ത് നിന്ന് ലഭിച്ച അജ്ഞാത രക്തത്തുള്ളിയുടെ ഡി.എൻ.എ.യുമായി കൃത്യമായി പൊരുത്തപ്പെട്ടു. ഇതോടെ എട്ടു വർഷമായി ദുരൂഹമായിരുന്ന കേസിൽ വഴിത്തിരിവുണ്ടായി. ഹനു നരയോട് വ്യക്തിപരമായ വൈരാഗ്യം ഉണ്ടായിരുന്നിരിക്കാം എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. നിലവിൽ, ഹമീദിനെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. വിചാരണയ്ക്കായി ഹമീദിനെ അമേരിക്കയിലേക്ക് കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികളുമായി അന്വേഷണ ഉദ്യോഗസ്ഥർ മുന്നോട്ട് പോവുകയാണെന്നും യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം